പാകിസ്താനി ഗാനം കേട്ടതിന് യു.പിയിൽ രണ്ട് കുട്ടികളെ കസ്റ്റഡിയിലെടുത്തു
text_fieldsലഖ്നോ: പാകിസ്താനി പാട്ട് കേട്ടതിന് ബറേലിയിൽ രണ്ട് മുസ്‍ലിം കുട്ടികളെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ചയാണ് ഇരുവരെയും പിടികൂടിയതെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ദേശീയോദ്ഗ്രഥനത്തെ തടസ്സപ്പെടുത്തൽ, മനഃപൂർവം അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ഉത്തർപ്രദേശ് സ്വദേശിയായ ആശിഷ് പകർത്തിയ വീഡിയോയുടെ അടിസ്ഥാനത്തിലാണ് കുട്ടികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
പാകിസ്താൻ ബാലതാരം ആയത് ആരിഫിന്റെ 'പാകിസ്താൻ സിന്ദാബാദ്' എന്ന ഗാനം കേട്ട 16ഉം 17ഉം വയസ്സുള്ള രണ്ട് ആൺകുട്ടികൾക്കെതിരെയാണ് കേസെന്ന് 'ദി വയർ' റിപ്പോർട്ട് ചെയ്തു. 40 സെക്കൻഡിൽ താഴെയുള്ള പാട്ട് അബദ്ധവശാലാണ് ഇരുവരും കേട്ടതെന്നും അതിനുശേഷം ക്ഷമാപണം നടത്തിയിരുന്നെന്നും ബന്ധുവായ സദ്ദാം ഹുസൈൻ പറഞ്ഞു. ഇതിനിടെ ആശിഷ് ദൃശ്യം മൊബൈലിൽ പകർത്തി, അധികൃതരോട് നടപടി സ്വീകരിക്കണമെനാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.
അയൽരാജ്യത്തെ പ്രശംസിക്കുന്ന പാട്ടിനെതിരെ ആശിഷ് നൽകിയ പരാതിയിലാണ് കൗമാരക്കാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പാട്ട് കേൾക്കുന്നതിനെ ആശിഷ് എതിർത്തപ്പോൾ ഇരുവരും തർക്കിച്ചെന്നും പിന്നാലെ, സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് ട്വിറ്ററിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നുവെന്നും പി.ടി.ഐ റിപ്പോർട്ട് ചെയ്തു. പാട്ട് കേൾക്കുന്നത് നിർത്താൻ പരാതിക്കാരൻ ഇരുവരോടും ആവശ്യപ്പെട്ടപ്പോൾ അവർ അസഭ്യം പറയുകയും ഇന്ത്യയെക്കുറിച്ച് മോശമായ കാര്യങ്ങൾ പറയുകയും ചെയ്തുവെന്നും എഫ്‌ഐആറിൽ പറയുന്നു.
ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെ പിടികൂടിയ കുട്ടികളെ പൊലീസ് രാത്രി കസ്റ്റഡിയിൽ വെച്ചതായി വീട്ടുകാർ പറഞ്ഞു. താൻ പലചരക്ക് കടയിൽ പോയ സമയത്താണ് സംഭവം നടന്നതെന്നും അബദ്ധത്തിൽ പാട്ട് കേട്ടതിന് കുട്ടികളെ കസ്റ്റഡിയിലെടുത്ത് വെച്ചതറിഞ്ഞ് ഞെട്ടിപ്പോയെന്നും ബന്ധുവായ സഹന പറഞ്ഞു.
പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബറേലി അഡീഷണൽ പൊലീസ് സൂപ്രണ്ട് (റൂറൽ) രാജ്കുമാർ അഗർവാൾ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ഇരുവരെയും ചോദ്യം ചെയ്യാൻ കൊണ്ടുവന്നതായി ബറേലി പൊലീസ് സൂപ്രണ്ട് രോഹിത് സിങ് സജ്‌വാൻ അറിയിച്ചു. എന്നാൽ, രാത്രി കസ്റ്റഡിയിലെടുത്തിരുന്നോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. "റെക്കോർഡ് ചെയ്‌ത വീഡിയോയുടെ ആധികാരികത പരിശോധിച്ചിട്ടില്ല. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്' -എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.