ഉറുദു പത്ര പ്രവർത്തനത്തിന് രണ്ട് നൂറ്റാണ്ട്; ഉർദുവിനെ സ്വന്തം വീട്ടിൽ നിന്ന് ഇറക്കിവിടുന്നുവെന്ന് മുൻ ഉപരാഷ്ട്രപതി
text_fieldsന്യൂഡൽഹി: ഉറുദു ഭാഷ ജനിച്ചു വളർന്ന വീട്ടിൽ നിന്ന് അതിനെ ഇറക്കി വിടുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്ന് മുൻ ഉപ രാഷ്ട്രപതി ഹാമിദ് അൻസാരി. സ്വാതന്ത്ര്യ സമരകാലത്ത് രാജ്യമൊട്ടുക്കും നിറഞ്ഞുനിന്ന ഉറുദു ഇന്ന് തകർച്ചയിലേക്ക് നീങ്ങുകയാണെന്നും മുൻ ഉപ രാഷ്ട്രപതി മുന്നറിയിപ്പ് നൽകി. ഓരോ വർഷവും ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്താണ് ഓരോ പതിറ്റാണ്ടിലും ഉറുദു സംസാരിക്കുന്നവരുടെ എണ്ണം 10 ശതമാനം കണ്ട് കുറയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉറുദു പത്രപ്രവർത്തനത്തിന് രണ്ട് നൂറ്റാണ്ട് പുർത്തിയായതിനോടനുബന്ധിച്ച് ഡൽഹിയിലെ ഉറുദു മാധ്യമ കൂട്ടായ്മ ന്യൂഡൽഹി ഇന്ത്യാ ഇസ്ലാമിക് സെന്‍ററിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഹാമിദ് അൻസാരി.
ബ്രിട്ടീഷുകാരുടെ എതിർപ്പ് അവഗണിച്ച് ജനങ്ങളെ സ്വാതന്ത്ര്യസമരത്തിന് പ്രാപ്തരാക്കാനും അതിൽ ആവേശം കൊള്ളിക്കാനും ഉറുദു പത്രങ്ങൾക്ക് കഴിഞ്ഞു. ഈ രാജ്യത്ത് ജനിച്ചുവളർന്ന ഭാഷയാണ് ഉറുദു. ഇന്നലെയും ഇന്നും ഇന്ത്യ തന്നെയാണതിന്‍റെ വീട്. ബ്രിട്ടീഷ് കാലത്ത് ഭരണകൂടത്തെ വിമർശിക്കുന്ന പത്രങ്ങൾ ഇറക്കുകയെന്നത് അത്ര എളുപ്പമായിരുന്നില്ല. സ്വന്തം വീട്ടിൽ നിന്ന് ആ ഭാഷയെ ഇറക്കിവിടുന്ന കാഴ്ചയാണ് നാം കാണുന്നത്. സ്കൂളുകളിൽ ഉറുദു പഠിപ്പിക്കാൻ അധ്യാപകരില്ല. കുട്ടികൾ പിന്നെയെങ്ങിനെ പഠിക്കും? അതിനാൽ ഉറുദു ഭാഷക്കാരും അതിനെ സ്നേഹിക്കുന്നവരും സ്വന്തം മക്കളെ വീട്ടിൽ നിന്ന് ഉറുദു പഠിപ്പിക്കാൻ തയാറാകണം. അതല്ലാതെ ഇനി ഉറുദുഭാഷയും ഉറുദു മാധ്യമപ്രവർത്തനവും നിലനിൽക്കില്ല എന്നും ഹാമിദ് അൻസാരി ഓർമിപ്പിച്ചു.
താൻ മന്ത്രിയായ യു.പി.എ സർക്കാർ അടക്കം മാറി വന്ന സർക്കാറുകളാണ് ഉറുദുവിന്‍റെ തകർച്ചക്ക് കാരണമെന്ന് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ് കുറ്റസമ്മതമായി പറഞ്ഞു. ഉറുദുവിന് മതമില്ലെന്നും 1822 മാർച്ച് 27ന് കൊൽക്കത്തയിൽ ഇന്ത്യയിലെ ആദ്യ ഉറുദു പത്രമായ 'ജാമേ ജഹാനുമ' തുടങ്ങിയത് പണ്ഡിറ്റ് ഹരിഹർ ദത്ത് ആണെന്നും പ്രൊഫസർ അക്തറുൽ വാസി പറഞ്ഞു.
ഖുർആനൊപ്പം ഉറുദുവും പഠിപ്പിച്ചാൽ സ്വന്തം സംസ്കാരവും പാരമ്പര്യവും മക്കൾ സ്വായത്തമാക്കുമെന്ന് കരുതിയാണ് സ്വന്തം വീട്ടിൽ അതിന് സൗകര്യമൊരുക്കിയതെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ ഖുർബാൻ അലി അനുഭവം പങ്കുവെച്ചു. എന്നാൽ ഒരു ജോലി പോലും കിട്ടാത്ത ഉറുദു എന്തിനാണ് തങ്ങൾ പഠിക്കുന്നതെന്നാണ് മക്കൾ ചോദിച്ചത്. തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം.പിയും അഖ്ബാറേ മശ്രിഖ് ഉടമയുമായ നദീമുൽ ഹഖ്, പ്രൊഫസർ അക്തറുൽ വാസി, മീം അഫ്സൽ, മഅ്സൂം മുറാദാബാദി തുടങ്ങിവരും സംസാരിച്ചു. വിവിധ സെഷനുകളിൽ പ്രമുഖർ പങ്കെടുത്ത ചർച്ചകളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.