രണ്ട് കുട്ടികളിൽ കൂടുതലുള്ളവർക്ക് ആനുകൂല്യം നിഷേധിച്ച് അസമിലെ ബി.ജെ.പി സർക്കാർ
text_fieldsഗുവാഹത്തി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിലും സർക്കാർ ജോലികളിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയതിന് പിന്നാലെ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ഇനി അസമിൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കില്ല.
'സർക്കാർ പദ്ധതികളിൽ പതിയെ ജനസംഖ്യാ നിയന്ത്രണ നിയമങ്ങൾ ശക്തിപ്പെടുത്തും. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, പ്രധാനമന്ത്രി ആവാസ് യോജ്‌നയ്ക്കു കീഴിലുള്ള ഭവനപദ്ധതി തുടങ്ങി രണ്ട് കുട്ടി നയം നടപ്പാക്കാൻ കഴിയാത്ത ചില പദ്ധതികളുണ്ട്' -മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
വായ്പ എഴുതിത്തള്ളലും ക്ഷേമപദ്ധതികളും ഉൾപ്പെടെ സർക്കാർ നടപ്പാക്കുന്ന എല്ലാ പദ്ധതികളും ഇനി പുതിയ ജനസംഖ്യ നയത്തെ ആസ്പദമാക്കിയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തന്‍റെ പിതാവിന് അഞ്ച് മക്കളുണ്ടെന്ന വാദം ഉയർത്തി വിമർശിക്കുന്ന കോൺഗ്രസിന് അദ്ദേഹം മറുപടി നൽകി. 'എന്‍റെ രക്ഷിതാക്കളും മറ്റും 1970കളിൽ ചെയ്തതിനെ കുറിച്ച് സംസാരിക്കുന്നതിൽ ഒരു അർഥവും ഇല്ല. ഇത്തരം കാര്യങ്ങൾ ഉന്നയിക്കുന്നതിലൂടെ പ്രതിപക്ഷം നമ്മെ പിറകോട്ട് നയിക്കാനാണ് ശ്രമിക്കുന്നത്' -അദ്ദേഹം പറഞ്ഞു.
കുടുംബത്തിലെ അംഗസംഖ്യ പരിമിതപ്പെടുത്തണമെന്ന് സംസ്ഥാനത്തെ കുടിയേറ്റ മുസ്ലിംകളോട് ബി.ജെ.പിക്കാരനായ മുഖ്യമന്ത്രി അഭ്യർഥിച്ച സംഭവം വൻ വിവാദമായിരുന്നു. സംസ്ഥാനത്തെ ജനസംഖ്യ ഉയരുന്നുവെന്ന സർക്കാർ വാദത്തെ പ്രതിപക്ഷമായ കോൺഗ്രസ് തള്ളി. അസമിലെ സ്ത്രീകളുടെ പ്രത്യുത്പാദന നിരക്ക് 2015-16-ലെ 2.2-ൽ നിന്ന് 2020-21ൽ 1.9 ആയി കുറഞ്ഞ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.