വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ പിതാവും മകനും മരിച്ചനിലയിൽ; യു.പിയിൽ നിന്നും വരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ
text_fieldsലഖ്നൗ: കോവിഡിെൻറ രണ്ടാം തരംഗത്തിനെതിരെ ഇന്ത്യ പോരാട്ടം തുടരവേ, ഉത്തർപ്രദേശിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത് ഞെട്ടിക്കുന്ന ചില സംഭവങ്ങളാണ്. തലസ്ഥാനമായ ലഖ്നൗവിൽ കോവിഡ് ബാധിച്ച് വീട്ടുനിരീക്ഷണത്തിൽ കഴിയുകയായിരുന്ന രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കോവിഡ് പോസിറ്റീവായിരുന്ന ഇരുവരും ദിവസങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. മൃതദേഹം അഴുകി ദുർഗന്ധം വമിച്ചതോടെയായിരുന്നു സംഭവം മറ്റുള്ളവർ അറിയുന്നത്. ലഖ്നൗവിലെ കൃഷ്ണനഗർ മേഖലയിലുള്ളവരാണ് ഇരുവരും. 60 വയസുകാരനായ അരവിന്ദ് ഗോയലും അദ്ദേഹത്തിെൻറ മകനുമാണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, വീട്ടിൽ മാനസിക രോഗിയായ ഒരാളെ ജീവനോടെ കണ്ടെത്തിയതായും റിപ്പോർട്ടിലുണ്ട്.
അതേ മേഖലയിൽ വെച്ചുതന്നെ 35 വയസുകാരനായ വിവേക് ശർമ എന്നയാളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കോവിഡ് പോസിറ്റീവായിരുന്ന അദ്ദേഹം ഒറ്റക്ക് വീട്ടുനിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞതോടെ, അയൽവാസികൾ ദുർഗന്ധം വരുന്നതായി അധികൃതരോട് പരാതിപ്പെട്ടതോടെയാണ് അഴുകിയ നിലയിലുള്ള വിവേകിെൻറ മൃതദേഹം കണ്ടെത്തുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30,317 പുതിയ കോവിഡ് കേസുകൾ ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാരകമായ പകർച്ചവ്യാധി മൂലം 303 പേർ കൂടി മരണമടയുകയും ചെയ്തു. സംസ്ഥാനത്ത് ആകെ 3,01,833 ആക്ടീവ് കേസുകളാണുള്ളത്. അതിൽ പലരും വീട്ടുനിരീക്ഷണത്തിലാണെന്നത് ഭീതിപരത്തുന്നതാണ്. അതേസമയം രോഗം ഭേദവമായവരുടെ എണ്ണം 9,67,797 ആണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.