ആ രണ്ടു മനുഷ്യരും ആദ്യമായും അവസാനമായും സമരത്തിനിറങ്ങിയത് അന്നായിരുന്നു; ഇനിയും മുറിവുണങ്ങാതെ ലഖിംപൂർ
text_fieldsഒക്ടോബർ 3, രാജ്യം നടുങ്ങിയ ദിവസം, മണ്ണിൽ വീണ ആ കർഷകരുടെ ചോര ഇപ്പോഴും രാജ്യത്തിന്‍റെ ഹൃദയത്തിൽ മുറിവായി നീറുകയാണ്. ലഖിംപൂരിൽ സമരം ചെയ്യുന്ന കർഷകരുടെ ഹൃദയത്തിലൂടെ ബി.ജെ.പി മന്ത്രിയുടെ മകൻ വണ്ടിയോടിച്ച് കയറ്റിയിട്ട് ഒരാഴ്ച പിന്നിടുന്നു.
കൊലയാളിയായ മന്ത്രി പുത്രൻ ആശിഷ് മിശ്രയെ രക്ഷിച്ചെടുക്കാൻ ബി.ജെ.പിയും ഭരണകൂടവും എല്ലാവിധ ശ്രമങ്ങളും നടത്തുകയാണ്. പ്രതിഷേധവുമായി കർഷകർക്കൊപ്പം പ്രതിപക്ഷപാർട്ടികളടക്കമുള്ളവർ സജീവമാണ്.
ആസൂത്രിതമായ ആ കൊലപാതകത്തിൽ പൊലിഞ്ഞു പോയ കർഷകരിൽ രണ്ടുപേർ ആദ്യമായി സമരത്തിനെത്തിയവരായിരുന്നു. 20 കാരനായ ലവ്പ്രീത് സിങും, 62 കാരനായ നച്ചട്ടാർ സിങും. ഇരുവരുടെയും കുടുംബത്തിന്‍റെ പ്രധാനവരുമാനം കൃഷിയാണ്.
നച്ചട്ടാർ എന്ന 62 കാരന്‍റെ സമരാവേശം
ലഖിംപൂരിലെ കർഷകസമരഭൂമിയിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് നച്ചട്ടാർ സിങിന്‍റെ വീട്. ഒക്ടോബർ മൂന്നിന് നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ മകൻ ജഗ്ദീ പ് പോകുന്നുണ്ടെന്നറിഞ്ഞ ആ 62 കാരൻ ഇന്ന് ഞാനും സമരത്തിനുണ്ടെന്ന് പറഞ്ഞ് ഇറങ്ങിപുറപ്പെട്ടതാണ്. പ്രഭാതഭക്ഷണം കഴിക്കുന്നതിനിടയിലാണ് നച്ചട്ടാർ ആ തീരുമാനം വീട്ടുകാരോട് പറഞ്ഞത്. ''എന്തുകൊണ്ടാണ് ആ ദിവസം അദ്ദേഹം അങ്ങനെയൊരു തീരുമാനം എടുത്തതെന്ന് എനിക്ക് അറിയില്ല'' ഭാര്യ ജസ്വന്ത് കൗർ പറയുന്നു.
അദ്ദേഹം അതിന് മുമ്പ് കർഷക പ്രതിഷേധത്തിലൊന്നും പങ്കെടുത്തിരിന്നില്ല, ഉച്ചയോടെ, ഒരു പച്ച തലപ്പാവും കെട്ടിയാണ് നച്ചട്ടാർ സുഹൃത്തായ ബൽവന്ദ് സിംഗിന്‍റെ സ്കൂട്ടറിൽ കയറി പുറപ്പെട്ടത്. ആവേശത്തോടെയാണ് 150 കിലോമീറ്റർ ദൂരം ആ സ്കൂട്ടറിന്റെ പിന്നിലിരുന്ന് ആ 62 കാരൻ താണ്ടിയത്. നച്ചട്ടാറിനെ മകനും താനും ചേർന്നാണ് യാത്രയാക്കിയതെന്ന് ഭാര്യ ജസ്വന്ത് കൗർ പറയുന്നു. വളരെ ആവേശത്തിലായിരുന്നു നച്ചട്ടാർ.
അഞ്ച് മണിക്കൂറിന് ശേഷം ടികുനിയയിൽ അക്രമം നടന്നതായി ജഗ്ദീപ് അറിഞ്ഞു. ആരെയും വിളിച്ചിട്ട് കിട്ടുന്നില്ല. സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളിൽ കുടുംബം പേടിച്ചെങ്കിലും ഒന്നും സംഭവിക്കില്ല എന്ന് തന്നെ പ്രതീക്ഷിച്ചു. വൈകുന്നേരം 7 മണിയോടെ സോഷ്യൽ മീഡിയയിലൂടെയാണ് ജഗ്ദീപ് തന്‍റെ പിതാവിന്‍റെ മരണവാർത്ത അറിയുന്നത്. അച്ഛന്‍റെ സുഹൃത്തായ ബൽവന്ദ് അത്ഭുതകരമായി രക്ഷപ്പെട്ടു.
ബൽവന്ദ് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയാണ് ''വൈകുന്നേരം 3.30 ഓടെ പ്രതിഷേധം അവസാനിച്ചു. ഭൂരിഭാഗം ആളുകളും ശ്രമിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുകയായിരുന്നു. ഞാൻ റോഡിന് സമീപത്തെ ഹെലിപാഡിനടുത്ത് വിശ്രമിക്കുയായിരുന്നു, നച്ചട്ടാർ ആവേശത്തോടെ സമരക്കാർക്കൊപ്പം റോഡിലായിരുന്നു. പെട്ടെന്നാണ് ആ വാഹനങ്ങൾ ഇരച്ചുകയറിയത്,ശബ്ദവും നിലവിളിയും കേട്ടപ്പോൾ ആ ഭാഗത്തേക്ക് ഓടി. നച്ചട്ടാറെ തിരഞ്ഞെങ്കിലും പെട്ടെന്നൊന്നും കണ്ടെത്താനായില്ല. അവൻ മരിച്ചെന്ന് എനിക്ക് ഇനിയും വിശ്വസിക്കാനാകുന്നില്ല.
പിന്നീട് പുറത്തുവന്ന വിഡിയോകളിലാണ് കേന്ദ്രമന്ത്രി പുത്രൻ അജയ് മിശ്രയും കൂട്ടരും നടത്തിയ ക്രൂരമായ കൂട്ടക്കൊലപാതകം വ്യക്തമായത്. പച്ച തലപ്പാവ് ധരിച്ച ഒരു വൃദ്ധനെ ഇടിച്ച് തെറിപ്പിച്ചിട്ടും നിർത്താതെ ഒരു കാർ അമിത വേഗത്തിൽ ഓടിച്ചു പോകുന്നുണ്ട്. ബോണറ്റിലേക്ക് തെറിച്ചുവീണ ആ മനുഷ്യനായിരുന്നു നച്ചട്ടാർ. പോസ്റ്റമാർട്ടം റിപ്പോർട്ടിൽ വാഹനത്തിന്‍റെ ഇടിയേറ്റതാണ് ജീവൻ നഷ്ടമാകാൻ കാരണമായതായി പറയുന്നത്. നച്ചട്ടാറിന്‍റെ മക്കളിലൊരാളായ മൻദീപ് ന്യൂസ് ലോൻഡ്രിയോട് പറഞ്ഞതിങ്ങനെയായിരുന്നു. ''ഞാൻ എന്‍റെ കന്നി വോട്ട് ചെയ്തത് ബി.ജെ.പിക്കായിരുന്നു. സംഘ്പരിവാർ അനുകൂലമാണ് ഞങ്ങളുടെ കുടുംബം. പക്ഷെ മോദി സർക്കാർ കർഷക സമരത്തിലേക്ക് തള്ളിവിട്ടതോടെ ഞങ്ങൾ അവരിൽ നിന്ന് അകന്നിരുന്നു. എന്നാൽ ഇനി ഒരിക്കലും ആ പാർട്ടിക്ക് ഞങ്ങൾ വോട്ട് ചെയ്യില്ല''
ഇവി ഇപ്പോൾ കാര്യങ്ങൾ മാറുകയാണ്, ഇവിടെ എപ്പോഴും സമാധാനപരമായിരുന്നു. ഞങ്ങൾ സിഖുകാർ വർഷങ്ങളായി ഹിന്ദുക്കളുടെ ഇടയിലാണ് ജീവിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തോടെ കാര്യങ്ങൾ മാറി. ഇപ്പോൾ ഹിന്ദുക്കളുടെയും സിഖുകാരുടെയും ഇടയിൽ പ്രശ്നങ്ങൾ ഉയർന്നുവരികയാണ്.
ആ 20 കാരൻ കർഷകപ്രതിഷേധം കാണാൻ വന്നതാണ്
പാലിയയിലാണ് 20 കാരനായ ലവ്പ്രീത് സിംഗിന്‍റെ വീട്. വാഹനമിടിച്ചുണ്ടായ അപകടത്തിലെ പരിക്കിനെ തുടർന്ന് തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്. പ്ലസ്ടു കഴിഞ്ഞ അവൻ പഠിക്കാനായി വിദേശത്തേക്ക് പോകാനായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
സുഹൃത്തും അയൽവാസിയുമായ പ്രഭ്പ്രീത് സിംഗ് കർഷക പ്രതിഷേധ സമരത്തിൽ പങ്കെടുക്കാൻ പോകുന്നുണ്ടെന്ന് അറിഞ്ഞാണ് ലൗപ്രീതും ഒപ്പം കൂടിയത്.
ബൈക്കിൽ ഒന്നര മണിക്കൂർ സഞ്ചരിച്ചാണ് ഇരുവരും ലഖിംപൂരിയിലെത്തിയത്. വൈകുന്നേരം നാലിനാണ് ലവ്പ്രീതിന്റെ പിതാവ് സത്നാം സിംഗിന് ആ ഫോൺ സന്ദേശം ലഭിക്കുന്നത്. മകന് പരിക്കേറ്റു, ആശുപത്രിയിേലക്ക് കൊണ്ടുപോകുന്നുവെന്നായിരുന്നു ആ സന്ദേശം.
സത്നാം ഉടനെ അവിടേക്ക് പുറപ്പെട്ടു. പാതിവഴിയിലെത്തിയപ്പോൾ, ലക്കിംപൂർ ഖേരിയിലെ ജില്ലാ ആശുപത്രിയിലേക്ക് ലവ്പ്രീതിനെ റഫർ ചെയ്തെന്ന് അറിയിപ്പ് ലഭിച്ചു. അവിടേക്ക് പോകുന്നതിനിടയിൽ മകനുമായി പോകുന്ന ആംബുലൻസിനെ കണ്ടതോടെ അതിനെ പിന്തുടർന്നു സത്നാം.
പാതിവഴിയിലെത്തിയപ്പോൾ ആ ആംബുലൻസ് യാത്ര അവസാനിപ്പിച്ചു. ആംബുലൻസിൽ കയറിയ സത്നാം കണ്ടത് ജീവനറ്റ മകനെയായിരുന്നു.ആംബുലൻസിൽ പിടഞ്ഞ് മരിക്കുകയായിരുന്നു ആ 22 കാരൻ. ലവ്പ്രീത് പങ്കെടുക്കുന്ന ആദ്യത്തേതും അവസാനത്തേതുമായ കർഷക സമരമായിരുന്നു ഇത്. സുഹൃത്തായ പ്രഭ്പ്രീതിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.