രണ്ടു ഗുജറാത്തികൾ ടൂറടിക്കുന്നു; വോട്ട് ചെയ്യേണ്ടത് രാജസ്ഥാനിക്ക് -ഗെഹ്ലോട്ട്
text_fieldsജയ്പുർ: രാജസ്ഥാനിൽ ടൂറടിക്കുന്ന രണ്ട് ഗുജറാത്തികളുടെ വാക്ക് കേൾക്കാതെ, രാജസ്ഥാനിയായ തനിക്ക് വോട്ടുചെയ്യാൻ വോട്ടർമാരോട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവരെയാണ് ഗെഹ്ലോട്ട് ഉന്നം വെച്ചത്.
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താൻ ചെന്നതിനെ പരിഹസിച്ചത് ഓർമിപ്പിച്ചുകൊണ്ടായിരുന്നു ഗെഹ്ലോട്ടിന്റെ കമന്റ്. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഒരു മാർവാഡി വന്നിട്ടുണ്ടെന്നായിരുന്നു അന്നത്തെ പരിഹാസം.
താനൊരു ഗുജറാത്തിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടിക്കടി പറയാറുണ്ട്. രണ്ടു ഗുജറാത്തികൾ ഇപ്പോൾ രാജസ്ഥാനിൽ ചുറ്റിയടിക്കുന്നു. താൻ രാജസ്ഥാനിയാണ്. താൻ എവിടെപ്പോകുമെന്നാണ് രാജസ്ഥാനിലെ ജനങ്ങളോട് ചോദിക്കാനുള്ളത്. ഇവിടത്തെ ജനങ്ങളാണ് തന്റെ എല്ലാം. ഗുജറാത്തികളെ അവിടത്തെ ജനങ്ങൾ ജയിപ്പിച്ച പോലെ ഇവിടെ തന്നെ ജയിപ്പിക്കുക -ഗെഹ്ലോട്ട് പറഞ്ഞു.
വികാരം ഇളക്കി വിട്ടാണ് ബി.ജെ.പി വോട്ടു നേടുന്നത്. ജനങ്ങളെ ഇളക്കിവിടാൻ ഡൽഹിയിൽനിന്ന് വന്നവർ സംസ്ഥാന സർക്കാറിന്റെ ക്ഷേമപദ്ധതികളെ വിമർശിച്ചിട്ടില്ല. അവരാകട്ടെ, ഒന്നും ചെയ്യുന്നുമില്ല. രാജസ്ഥാനിൽ അടിയൊഴുക്കുകളുണ്ട്. അതനുസരിച്ച് കോൺഗ്രസ് വീണ്ടും സർക്കാറുണ്ടാക്കും -ഗെഹ്ലോട്ട് പറഞ്ഞു.
മഹാരാഷ്ട്രയിൽ മന്ത്രിസഭ വികസനത്തിന് സമ്മർദം; നേതാക്കൾ അമിത് ഷായെ കാണും
മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ബാക്കിനിൽക്കെ മഹാരാഷ്ട്രയിൽ മന്ത്രിസഭ വികസനത്തിന് സമ്മർദംചെലുത്തി അജിത് പവാർ പക്ഷ വിമത എൻ.സി.പി. ഡിസംബർ ഏഴിന് ശീതകാല നിയമസഭ സമ്മേളനം തുടങ്ങും മുമ്പേ മന്ത്രിസഭ വികസനത്തോടൊപ്പം കോർപറേറ്റ് സ്ഥാപനങ്ങളുടെ മേധാവികളെയും നിയമിക്കണമെന്നാണ് ആവശ്യം. വിഷയം ചർച്ചചെയ്യാൻ മുഖ്യമന്ത്രിയും ശിവസേന വിമത നേതാവുമായ ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിമാരായ അജിത് പവാർ, ബി.ജെ.പിയിലെ ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡൽഹിയിൽ ചെന്ന് കാണും. താഴേതട്ടിൽ മൂന്ന് പാർട്ടികൾക്കുമിടയിലെ ഏകോപനവും മുഖ്യവിഷയമാകും.
മന്ത്രിപദവും കോർപറേഷൻ അധ്യക്ഷ പദവികളും കിട്ടുമെന്ന ഉറപ്പിലാണ് എം.എൽ.എമാരും മറ്റ് നേതാക്കളും വിമതനീക്കത്തിൽ ഷിൻഡേക്കും അജിത്തിനും ഒപ്പം നിന്നത്. നിലവിൽ ഷിൻഡെ പക്ഷത്തിനും ബി.ജെ.പിക്കും പത്തു വീതവും അജിത് പക്ഷത്തിന് ഒമ്പത് മന്ത്രിമാരുമാണുള്ളത്. മൊത്തം 29 മന്ത്രിമാർ. 288 എം.എൽ.എമാരുള്ള സംസ്ഥാനത്ത് മന്ത്രിസഭാംഗങ്ങളുടെ എണ്ണം 43 വരെയാകാം. 14 പേർക്കുകൂടി മന്ത്രിയാകാം.
ഡിസംബർ 31ന് മുമ്പ് തങ്ങൾക്കെതിരായ അയോഗ്യത ഹരജികളിൽ സ്പീക്കർ വിധിപറയുമെന്നതിനാൽ ഷിൻഡെ അനിശ്ചിതത്തത്തിലാണ്. അയോഗ്യത ഹരജികളിൽ കടുത്ത നിലപാടെടുത്ത സുപ്രീംകോടതി സ്പീക്കറുടെ നടപടി നിരീക്ഷിക്കുന്നു. അയോഗ്യത ഹരജികളിലെ വിധിക്ക് മുന്നെ സർക്കാർ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരിടാനാണ് ബി.ജെ.പിക്ക് താൽപര്യം. വിധി എതിരായാൽ താഴേക്കിടയിൽ ബാധിക്കുമെന്ന് ബി.ജെ.പി ഭയക്കുന്നു. സംവരണത്തെച്ചൊല്ലി മറാത്തകളും ഒ.ബി.സി വിഭാഗങ്ങളും തമ്മിലെ സംഘർഷാവസ്ഥയും ഭരണസഖ്യത്തെ വലക്കുന്നു. ഈ സാഹചര്യങ്ങളിലാണ് മുഖ്യമന്തിയും ഉപമുഖ്യമന്ത്രിമാരും ഡൽഹിക്ക് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.