മുസ്‌ലിം യുവാവിനെ ആൾകൂട്ടം തല്ലിക്കൊന്നതിനെക്കുറിച്ച് ട്വീറ്റ്; രണ്ടു മാധ്യമപ്രവർത്തകർക്കെതിരെ കേസ്
text_fieldsലഖ്നോ: ഉത്തർ പ്രദേശിലെ ഷാംലിയിൽ മുസ്‌ലിം യുവാവിനെ ആൾകൂട്ടം തല്ലിക്കൊന്നത് ട്വീറ്റ് ചെയ്ത രണ്ടു മാധ്യമപ്രവർത്തകരടക്കം അഞ്ചു പേർക്കെതിരെ കേസെടുത്തു. ഷാംലി പൊലീസാണ് സക്കീർ അലി ത്യാഗി, വസീം അലി ത്യാഗി എന്നീ മാധ്യമപ്രവർത്തകരടക്കമുള്ളവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഷാംലി ജില്ലയിലെ ജലാലാബാദ് നഗരത്തിൽ മോഷണം ആരോപിച്ച് ഫിറോസ് ഖുറേഷി എന്ന സ്ക്രാപ്പ് തൊഴിലാളിയെ അടിച്ചുകൊന്നത്. ഫിറോസ് ഖുറേഷിയുടെ കൊലപാതകത്തിൽ കുടുംബം പ്രതിഷേധിച്ചതിനെത്തുടർന്നാണ് പൊലീസ് നടപടിയെടുത്തത്. തുടർന്ന് പങ്കജ്, പിങ്കി, രാജേന്ദ്ര എന്നിവർക്കെതിരെ കേസെടുത്തിരുന്നു. ഫിറോസ് ഖുറേഷി കൊല്ലപ്പെട്ടത് ആൾക്കൂട്ടം ആക്രമിച്ചിട്ടല്ലെന്നാണ് പൊലീസ് പറയുന്നത്.
ഈ ക്രൂര സംഭവത്തെക്കുറിച്ചും മോദി മൂന്നാം തവണയും അധികാരത്തിൽ വന്ന ശേഷം മുസ്‌ലിംകൾക്കെതിരായ ആക്രമണങ്ങൾ കുത്തനെ വർധിച്ചതിനെക്കുറിച്ചും മാധ്യമപ്രവർത്തകരായ സക്കീർ അലി ത്യാഗിയും വസീം അലി ത്യാഗിയും എക്സിൽ കുറിപ്പ് എഴുതുകയായിരുന്നു.
ഇരുവരുടെയും കുറിപ്പുകൾ സാമുദായിക അസ്വാരസ്യം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ഷാംലി പൊലീസ് പറഞ്ഞു. സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തുക, സൗഹാർദ്ദം നിലനിർത്തുന്നതിന് ദോഷകരമായ പ്രവൃത്തികൾ ചെയ്യുക, പൊതു വിദ്വേഷത്തിന് കാരണമാകുന്ന പ്രസ്താവനകൾ നടത്തുക തുടങ്ങിയ കുറങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.