പാഠപുസ്തകങ്ങളെ കാവിവത്കരിക്കുന്നു; തങ്ങളുടെ കൃതികൾ ഒഴിവാക്കണമെന്ന് പ്രമുഖ കന്നട എഴുത്തുകാർ
text_fieldsബംഗളൂരു: വിദ്യാഭ്യാസരംഗം ബി.ജെ.പി കാവിവത്കരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കർണാടകയിലെ പ്രമുഖ എഴുത്തുകാരായ ദേവനൂറ മഹാദേവയും ജി. രാമകൃഷ്ണയും തങ്ങളുടെ കൃതികൾ പാഠഭാഗത്ത് നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവുമായി രംഗത്ത്. പത്താം ക്ലാസിലെ കന്നഡ പാഠപുസ്തകത്തിലാണ് ഇരുവരുടെയും രചനകൾ ഉണ്ടായിരുന്നത്.
കർണാടകയിൽ ബി.ജെ.പി അധികാരത്തിൽ വന്ന ശേഷം 2020ൽ രോഹിത് ചക്രതീർത്ഥയുടെ നേതൃത്വത്തിൽ രൂപീകരിച്ച റിവിഷൻ കമ്മിറ്റിയോട് ഭാഷ, സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങൾ പരിശോധിക്കാൻ സർക്കാർ നിർദേശിച്ചിരുന്നു. തുടർന്ന് ആറ് മുതൽ 10 വരെ ക്ലാസുകളിലെ സാമൂഹിക ശാസ്ത്ര പാഠപുസ്തകങ്ങളും ഒന്ന് മുതൽ 10 വരെയുള്ള കന്നഡ ഭാഷാ പാഠപുസ്തകങ്ങളും പരിഷ്കരിച്ചു.
എന്നാൽ, വിപ്ലവകാരിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ഭഗത് സിങ്, മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താൻ, ലിംഗായത്ത് സാമൂഹിക പരിഷ്കർത്താവ് ബസവണ്ണ, ദ്രാവിഡ പ്രസ്ഥാനത്തിന്റെ അമരക്കാരൻ പെരിയാർ, സാമൂഹ്യ പരിഷ്കർത്താവ് ശ്രീ നാരായണ ഗുരു എന്നിവരെക്കുറിച്ചുള്ള അധ്യായങ്ങൾ സിലബസിൽ നിന്ന് നീക്കം ചെയ്യുകയാണുണ്ടായത്. കന്നഡ കവി കുവെമ്പുവിനെക്കുറിച്ചുള്ള വസ്തുതകളും വളച്ചൊടിച്ചു. അതേസമയം, ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ പ്രസംഗം പത്താം ക്ലാസിലെ പരിഷ്കരിച്ച കന്നഡ പാഠപുസ്തകത്തിൽ ഇടംനേടി.
മഹാദേവയും രാമകൃഷ്ണയും തങ്ങളുടെ തീരുമാനം വിശദീകരിച്ച് രണ്ട് വ്യത്യസ്ത കത്തുകളാണ് സർക്കാറിന് എഴുതിയത്. പാഠപുസ്തകം അവലോകനം ചെയ്യുന്ന രീതിയെ ജനാധിപത്യവിരുദ്ധവും അധാർമ്മികവും എന്നാണ് ഇവർ വിളിച്ചത്. 'സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിച്ച രീതി വലിയ അനീതിയാണ്. വിദ്യാഭ്യാസത്തെ മോശമാക്കി രാഷ്ട്രീയ ലക്ഷ്യത്തിനായി കുട്ടികളുടെ മനസ്സിൽ വിഷം നിറയ്ക്കുകയാണ്. അതിനാൽ, പാഠപുസ്തകങ്ങളിൽ നിന്ന് എന്റെ രചനകൾ ഒഴിവാക്കുന്നതാണ് ഉചിതമെന്ന് തോന്നുന്നു' -രാമകൃഷ്ണ തന്റെ കത്തിൽ പറഞ്ഞു.
ആർ.എസ്.എസ് ചിന്തകർക്ക് ഇടം ലഭിക്കുമ്പോൾ പ്രമുഖ കന്നഡ എഴുത്തുകാർ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടുവെന്ന് മഹാദേവ തന്റെ കത്തിൽ പറഞ്ഞു. താൻ ഉൾപ്പെടുത്തിയ എഴുത്തുകാരുടെ ജാതി അറിയില്ലെന്നാണ് റിവിഷൻ കമ്മിറ്റി മേധാവി ചക്രതീർത്ഥയുടെ പ്രസ്താവന. എന്നാൽ, 90 ശതമാനവും ഒരു പ്രത്യേക ജാതിയിൽപ്പെട്ട എഴുത്തുകാരുടെ രചനകളാണ് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയതെന്നും ഇത് അപകടകരമാണെന്നും മഹാദേവ കത്തിൽ വിമർശിച്ചു.
രാഷ്ട്രീയ പാർട്ടികൾ, എഴുത്തുകാർ, വനിതാ സംഘടനകൾ, എൻ.ജി.ഒകൾ തുടങ്ങി നിരവധി സംഘടനകൾ മേയ് 31ന് വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണത്തിനെതിരെ സംസ്ഥാനതല പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.