അപകീർത്തികരമായ വാർത്ത: കന്നഡ പത്രാധിപന്മാർക്കെതിരെ തൽക്കാലം ശിക്ഷയില്ല
text_fieldsബംഗളൂരു: എം.എൽ.എമാർക്കെതിരെ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചെന്ന കാരണം പറഞ്ഞ് സ്പീക്കർ തടവും പിഴയും വിധിച്ച കന്നഡ പത്രാധിപന്മാർക്കെതിരെ തൽക്കാലം ശിക്ഷ നടപടി വേണ്ടെന്ന് കർണാടക സർക്കാർ തീരുമാനം. ‘ഹായ് ബംഗളൂരു’ എഡിറ്റർ രവി ബെലഗരെ, ‘യെലഹങ്ക വോയ്സ്’ എഡിറ്റർ അനിൽരാജു എന്നിവർക്കെതിരായ നടപടിയാണ് നിർത്തിവെച്ചത്. രവി ബെലഗരെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാലാണ് ഇൗ തീരുമാനമെന്നാണ് സർക്കാർ വിശദീകരണം. ഇതു സംബന്ധിച്ച് ഹൈകോടതിക്ക് ഉറപ്പ് നൽകിയ സ്പീക്കർ കെ.ബി. കോലിവാഡ് ആഭ്യന്തരവകുപ്പിന് നിർദേശം കൈമാറി.
അതേസമയം, രവി ബെലഗരെ, അനിൽരാജു എന്നിവരോട് തിങ്കളാഴ്ച സ്പീക്കറുടെ മുമ്പാകെ ഹാജരാവാൻ ൈഹേകാടതി നിർദേശിച്ചിട്ടുണ്ട്. നിർദേശം ലംഘിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ കോടതി മാധ്യമപ്രവർത്തനത്തിെൻറ അന്തസ്സിന് ചേരുംവിധം ജനാധിപത്യരീതിയിൽ പ്രവർത്തിക്കണമെന്നും ഉപദേശിച്ചു.
എന്നാൽ, അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രവി ബലഗരെയും അനിൽരാജുവും ഹൈേകാടതിയിൽ നൽകിയ ഹരജിയിൽ തങ്ങൾക്കെതിരായ നിയമസഭയുടെ ശിക്ഷ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. വ്യാഴാഴ്ച ഹരജി പരിഗണിച്ച ഹൈകോടതി പ്രശ്നത്തിൽ ഇരു കൂട്ടർക്കും സ്വീകാര്യമായ പരിഹാരം കാണാൻ സർക്കാറിനോട് നിർദേശിച്ചു. ജസ്റ്റിസ് അശോക് ബി. ഹിഞ്ചിഗരി അധ്യക്ഷനായ ബെഞ്ചിെൻറ നിർദേശം മാനിച്ചാണ് സർക്കാറിെൻറ പുതിയ തീരുമാനം. ഹായ് ബംഗളൂരുവിെൻറ 2014 സെപ്റ്റംബർ ലക്കത്തിൽ സ്പീക്കർ കെ.ബി. കോലിവാഡിനെതിരെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
നിയമസഭ അവകാശ ലംഘന സമിതിയുടെ മുമ്പാകെ കോലിവാഡ് പരാതി നൽകിയതോടെ മുൻ സ്പീക്കർ കൊഡഗു തിമ്മപ്പ, കോൺഗ്രസ് എം.എൽ.എ ബി.എം. നാഗരാജു എന്നിവരും ബലഗരെക്കെതിരെ രംഗത്തെത്തി. 2016 ൽ ബി.ജെ.പി എം.എൽ.എ എസ്.ആർ. വിശ്വനാഥിനെതിരെ അപകീർത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചതായാണ് ‘യെലഹങ്ക വോയ്സി’നെതിരായ പരാതി. എം.എൽ.എമാർ നിയമസഭയിൽ വിഷയമുന്നയിച്ച് പത്രാധിപന്മാർക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. ഇരുവർക്കും 10,000 രൂപ വീതം പിഴയും ഒാരോ വർഷം തടവും നൽകണമെന്ന അവകാശ ലംഘന സമിതി നിർദേശം സ്പീക്കർ കോലിവാഡ് ശരിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.