പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ രണ്ട് ബി.ജെ.പി പ്രവർത്തകർ കർണാടകയിൽ അറസ്റ്റിൽ
text_fieldsബംഗളൂരു: പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ രണ്ടു ബി.ജെ.പി പ്രവർത്തകർ കർണാടകയിൽ അറസ്റ്റിൽ. മാണ്ഡ്യ നഗരത്തിൽ 2022 നവംബറിൽ പ്രതിഷേധ മാർച്ചിനിടെ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ട ദൃശ്യങ്ങൾ മുൻനിർത്തി അഭിഭാഷകനായ കണ്ണമ്പാടി കുമാർ നൽകിയ പരാതിയിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ധനയകപുര സ്വദേശി രവി, മാണ്ഡ്യ സ്വദേശി ശിവകുമാർ ആരാധ്യ എന്നിവരാണ് അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകർ.
കഴിഞ്ഞയാഴ്ച രാജ്യസഭ തെരഞ്ഞെടുപ്പുഫലം വന്നതിനു പിന്നാലെ കോൺഗ്രസ് സ്ഥാനാർഥി സയ്ദ് നസീർ ഹുസൈന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തുവന്നിരുന്നു. സംഭവത്തിൽ കേസെടുക്കുകയും അന്വേഷണം നടക്കുകയും ചെയ്യുന്നുണ്ട്.
ബി.ജെ.പി പ്രവർത്തകരെ ഒന്നര വർഷം മുമ്പുള്ള കേസിൽ അറസ്റ്റ് ചെയ്തത് ഈ സംഭവത്തിന് മറുപടിയായല്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചു. ‘കഴിഞ്ഞ ബി.ജെ.പി സർക്കാറിന്റെ സമയത്തുണ്ടായ സംഭവമാണിത്. അന്ന് എന്തുകൊണ്ടാണ് സർക്കാർ നടപടിയെടുക്കാതിരുന്നത്? ഇപ്പോൾ മാണ്ഡ്യ എസ്.പിയാണ് അവരെ അറസ്റ്റ് ചെയ്തത്’.
ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ രവിയും ആരാധ്യയും ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്നുവിളിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ, തങ്ങളുടെ തൊണ്ട മുറിച്ചാലും പാകിസ്ഥാൻ സിന്ദാബാദ് എന്നു വിളിക്കില്ലെന്നും ആശയക്കുഴപ്പത്തിനിടയിൽ മൂർദാബാദ് എന്ന് വിളിക്കേണ്ടതിനു പകരം സിന്ദാബാദ് എന്ന് വിളിച്ചുപോയതാണെന്നുമുള്ള വിശദീകരണവുമായി ഇവർ രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.