25 ലക്ഷത്തിന്‍റെ ഹഷീഷുമായി രണ്ട് മലയാളികൾ പിടിയിൽ
text_fieldsബംഗളൂരു: 25 ലക്ഷം രൂപ വിലമതിക്കുന്ന 3.8 കിലോ ഹഷീഷ് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശികളായ രണ്ടുപേരെ ബംഗളൂരു യൂനിറ്റ് നർക്കോടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) പിടികൂടി. കാസർകോട് സ്വദേശികളായ ആർ. ഖാൻ, എസ്. ഹുസൈൻ എന്നിവരാണ് പിടിയിലായത്.
രാജ്യാന്തര ലഹരികടത്ത് സംഘത്തിൽ ഉൾപ്പെട്ടവരാണിവരെന്ന് എൻ.സി.ബി അധികൃതർ അറിയിച്ചു. കൊറിയറായി ഖത്തറിലെ ദോഹയിലേക്ക് ലഹരിമരുന്നായ ഹഷീഷ് അയക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. 195 ചെറു ബാഗുകളിലായി 2.6 കിലോ ഹഷീഷ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. സ്കൂൾ ബാഗുകൾക്കുള്ളിലായി ചെറിയ പോക്കറ്റ് ബാഗുകളിലാണ് ഹഷീഷ് ഒളിപ്പിച്ചിരുന്നത്. സ്കൂൾ ബാഗുകൾ കാർഡ് ബോർഡ് പെട്ടികളിലാക്കിയാണ് കൊറിയർ അയക്കാൻ എത്തിച്ചത്.
കാസർകോട് കേന്ദ്രമായുള്ള സംഘമാണ് ഇതിന് പിന്നിലെന്നും നേരത്തെയും സമാനമായ രീതിയിൽ ഹഷീഷ് പിടികൂടിയിട്ടുണ്ടെന്നും എൻ.സി.ബി അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പ് സമാനമായ രീതിയിൽ ദോഹയിലേക്ക് കടത്താൻ ശ്രമിച്ച 1.2 കിലോ ഹഷീഷ് എൻ.സി.ബി പിടിച്ചെടുത്തിരുന്നു. തുടർന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് സംഘം വീണ്ടും കാർഗോ വഴി പാർസൽ അയക്കാൻ എത്തിയപ്പോൾ എൻ.സി.ബി സംഘം പരിശോധന നടത്തി ഇരുവരെയും പിടികൂടിയത്. രണ്ടു ദിവസങ്ങളിലായാണ് ആകെ 3.8 കിലോ ഹഷീഷ് പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.