ബാരാമുല്ലയിൽ രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു; നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിൽ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ഭീകരരും സൈന്യവും തമ്മിൽ രൂക്ഷമായ വെടിവെപ്പുണ്ടായി. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി സൈനിക വിഭാഗമായ ചിനാർ കോപ്സ് അറിയിച്ചു.
മൂന്നോളം തീവ്രവാദികൾ ബാരാമുല്ലയിലെ സർജീവൻ മേഖലയിൽ ഇന്ന് പുലർച്ചെ നിയന്ത്രണരേഖ കടക്കാൻ ശ്രമിക്കുകയായിരുന്നു. സൈന്യം നുഴഞ്ഞുകയറ്റ ശ്രമം തടയാൻ ശ്രമിച്ചതോടെ ഭീകരർ തിരിച്ചടിച്ചു. ഇതോടെ, കനത്ത പ്രത്യാക്രമണത്തിൽ സൈന്യം നുഴഞ്ഞുകയറ്റ ശ്രമം തടയുകയും രണ്ട് ഭീകരരെ വധിക്കുകയുമായിരുന്നു. മേഖലയിൽ സൈനിക നടപടി തുടരുകയാണ്.
പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലുടനീളം കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. തെക്കൻ കശ്മീരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ സഞ്ചാരികൾക്കുനേരെ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. 20 പേർക്കാണ് പരിക്കേറ്റത്. മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടും. എറണാകുളം ഇടപ്പള്ളി മോഡേൺ ബ്രഡിനടുത്ത് എൻ. രാമചന്ദ്രനാണ് (65) മരിച്ച മലയാളി. മേഖലയിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.