ബംഗാളിൽ ആരോഗ്യപ്രവർത്തകരെ തഴഞ്ഞ് തൃണമൂൽ നേതാക്കൾ വാക്സിൻ സ്വീകരിച്ചെന്ന്
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് നൽകേണ്ട കോവിഡ് പ്രതിരോധ വാക്സിൻ എം.എൽ.എമാരടക്കം തൃണമൂൽ നേതാക്കൾ സ്വീകരിച്ചതായി ആരോപണം. വാക്സിൻ സ്വീകരിക്കാൻ കുത്തിവെപ്പ് കേന്ദ്രത്തിലെത്താൻ നിർേദശിച്ചിരുന്നതായും എന്നാൽ, അവിടെയെത്തിയപ്പോൾ വാക്സിൻ ലഭിച്ചിെല്ലന്നും ആരോഗ്യപ്രവർത്തകർ പരാതി പറഞ്ഞു.
കട്വ ഏരിയയിൽ തൃണമൂൽ എം.എൽ.എ രബീന്ദ്രനാഥ് ചാറ്റർജി ആദ്യദിവസം വാക്സിൻ സ്വീകരിച്ചിരുന്നു. തുടർന്ന് പ്രതിഷേധം ഉയർന്നതോടെ രോഗികളുടെ ക്ഷേമ സംഘടനയായ രോഗി കല്യാൺ സമിതിയുടെ ചെയർമാനായതിനാലാണ് വാക്സിൻ നൽകിയതെന്ന് ജില്ല ആരോഗ്യ വിദഗ്ധർ വിശദീകരണവുമായി എത്തുകയായിരുന്നു.
തൃണമൂൽ എം.എൽ.എ സുഭാഷ് മൊണ്ഡാൽ, മുൻ തൃണമൂൽ എം.എൽ.എ ബനമാലി ഹസ്ര, സില്ല പരിഷത്ത് എക്സിക്യൂട്ടീവ് മെമ്പർ ജഹർ ബാഗ്ഡി, ബതർ പഞ്ചായത്ത് സമിതി നേതാവ് മഹേന്ദ്ര ഹസ്ര തുടങ്ങിയവരും വാക്സിൻ സ്വീകരിച്ചവരിൽ ഉൾപ്പെടും. വിവിധ പ്രദേശങ്ങളിലെ സർക്കാർ ആശുപത്രിയിൽ രോഗി കല്യാൺ സമിതിയുടെ ഭാഗമായി പ്രവർത്തിക്കുന്നവരാണ് ഇവരെന്നാണ് വിശദീകരണം.
ആദ്യഘട്ടത്തിൽ വാക്സിൻ നൽകേണ്ടവരുടെ പട്ടികയിൽ ഇവരുടെ പേരുകൾ ഉണ്ടായിരുന്നതായി ചീഫ് മെഡിക്കൽ ഓഫിസർ പ്രണബ് കുമാർ റോയ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വാക്സിൻ വിതരണത്തിനെതിരെ ആരോപണം ഉയർന്നതോടെ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ബി.ജെ.പി രംഗത്തെത്തി. ആദ്യഘട്ടത്തിൽ വാക്സിൻ നൽകേണ്ടത് ആരോഗ്യപ്രവർത്തകർക്കും ഡോക്ടർമാർക്കും പൊലീസിനും ആശ പ്രവർത്തകർക്കും മുൻനിര പോരാളികൾക്കുമാണ്. തൃണമൂൽ എം.എൽ.എമാരും പ്രവർത്തകരും വാക്സിൻ സ്വീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. അവർ പട്ടികയിൽ ഇല്ലാത്തവരാണ്. അവർക്ക് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകാൻ പാടില്ല. പട്ടിക സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയക്കുകയും ചെയ്തിരുന്നു. മമത ബാനർജി വാക്സിൻ സ്വീകരിക്കേണ്ടവരുടെ പട്ടിക വെളിപ്പെടുത്തണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.