നീലച്ചിത്ര നിർമാണ കേസ്; രണ്ട് മാസത്തെ ജയിൽവാസത്തിനൊടുവിൽ രാജ് കുന്ദ്രക്ക് ജാമ്യം
text_fieldsമുംബൈ: നീലച്ചിത്ര നിർമാണ കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രക്ക് ജാമ്യം. രണ്ട് മാസത്തെ ജയിൽവാസത്തിനൊടുവിലാണ് ജാമ്യം ലഭിച്ചത്. അരലക്ഷം രൂപ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ കെട്ടിവെച്ചാണ് ജാമ്യത്തിലിറങ്ങിയത്. കുന്ദ്രയുടെ വിതരണ കമ്പനിയുടെ ഐ.ടി വിഭാഗം മേധാവി റയാൻ തോർപെക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.
ഏത് തരത്തിലുള്ള ഉള്ളടക്കമാണ് ഓൺലൈനിൽ പ്രസിദ്ധീകരിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് കുന്ദ്രയല്ലെന്ന് അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ വാദിച്ചു. 1400 പേജ് വരുന്ന കുറ്റപത്രത്തിൽ ഒരിടത്തുപോലും കുന്ദ്രയാണ് ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് എന്നതിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജാമ്യം അനുവദിക്കുന്നതിനെ ശക്തമായ എതിർത്ത പ്രോസിക്യൂഷൻ, ജാമ്യം നൽകുന്നത് തെളിവുകൾ നശിപ്പിക്കാൻ കാരണമാകുമെന്ന് വാദിച്ചു. എന്നാൽ, കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ന് വൈകിയോ അല്ലെങ്കിൽ നാളെയോ കുന്ദ്ര പുറത്തിറങ്ങുമെന്ന് അഭിഭാഷകൻ അറിയിച്ചു.
മുംബൈ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസമാണ് കുന്ദ്ര ജാമ്യഹരജി ഫയൽ ചെയ്തത്. വ്യക്തമായ തെളിവുകളില്ലാതെ കേസിൽ തന്നെ ബലിയാടാക്കുകയാണെന്നും മുംബൈ പൊലീസ് തനിക്കെതിരായ അന്വേഷണം പ്രായോഗികമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും ഹരജി അപേക്ഷയിൽ പറഞ്ഞിരുന്നു.
കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രക്കും മറ്റു മൂന്നുപേർക്കുമെതിരെ ക്രൈം ബ്രാഞ്ച് ഉപകുറ്റപത്രം സമർപ്പിച്ചിരുന്നു. നീലചിത്രം നിർമിച്ച് മൊബൈൽ ആപ്ലിക്കേഷനുകളായ ഹോട്ട്ഷോട്ട്, ബോളിഫെയിം എന്നിവയിലൂടെ വിതരണം ചെയ്തുവെന്നുമാണ് ഇവർക്കെതിരായ കേസ്.
ആദ്യ കുറ്റപത്രത്തിൽ ഉൾപ്പെട്ട ഒമ്പതുപേരിൽ എട്ടുപേർക്കും ജാമ്യം ലഭിച്ചതായും തുല്യതയുടെ അടിസ്ഥാനത്തിൽ തനിക്കും ജാമ്യം ലഭിക്കണമെന്നും കുന്ദ്ര ആവശ്യപ്പെട്ടിരുന്നു. ആദ്യകുറ്റപത്രത്തിൽ ഹോട്ട്ഷോട്ടുമായുള്ള തന്‍റെ ബന്ധം വിവരിക്കുന്ന തെളിവുകൾ ഒരംശം പോലുമില്ലെന്നും ഹരജിയിൽ പറയുന്നു. കൂടാതെ മതിയായ തെളിവുകളില്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും പ്രചോദിത അന്വേഷണമാണ് നടക്കുന്നതെന്നും അതിൽ അനുബന്ധ കുറ്റപത്രം ഫയൽ ചെയ്തതായും പറയുന്നു.
2021 ഫെബ്രുവരിയിലാണ് നീലചിത്ര നിർമാണ കേസ് പുറത്തുവരുന്നത്. മുംബൈ ക്രൈം ബ്രാഞ്ച് മധ് പ്രദേശത്തെ ബംഗ്ലാവിൽ നടത്തിയ പരിശോധനയിലൂടെയാണ് രാജ് കുന്ദ്രയുടെയും കൂട്ടാളികളുടെയും പങ്ക് വെളിപ്പെടുന്നത്. അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും അവ സമൂഹമാധ്യമങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കേസിൽ ജൂലൈ 19നാണ് രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.