ഷിരൂരിൽ രണ്ട് പേർ ഇനിയും കാണാമറയത്ത്; തിരച്ചിൽ തുടരും, അർജുന്‍റെ മൃതദേഹം ഡി.എൻ.എ പരിശോധനക്ക് ശേഷം കൈമാറും
text_fieldsമംഗളൂരു: അർജുന്‍റെ മൃതദേഹം കണ്ടെത്തിയ ഷിരൂരിലെ ഗംഗാവാലി നദിയിൽ ഇനിയും കണ്ടെത്താനുള്ളത് രണ്ട് പേരെ കൂടി. മണ്ണിടിച്ചിലിൽ കാണാതായ നാട്ടുകാരായ ജഗന്നാഥ്, ലോകേഷ് ഭട്ട് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തിരച്ചില്‍ തുടരുമെന്ന് കാർവാർ എം.എൽ.എ സതീഷ് സെയിൽ പറഞ്ഞു.
ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്റെ മൃതദേഹം ഇന്നലെ നടത്തിയ നിര്‍ണായക പരിശോധനയിലാണ് കണ്ടെത്തിയത്. അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തുകയുണ്ടായി. അര്‍ജുനെ കാണാതായിട്ട് 72ാം ദിവസമാണ് ലോറിയടക്കം കണ്ടെത്തിയത്.
മൃതദേഹം അർജുന്റേത് തന്നെയാണെന്ന് ഉറപ്പിക്കാനുള്ള ഡി.എൻ.എ പരിശോധനക്കായി മൃതദേഹത്തിൽനിന്നുള്ള സാമ്പിളും അർജുന്‍റെ സഹോദരന്റെ ഡി.എൻ.എ സാമ്പിളും ശേഖരിച്ച് ഇന്ന് മംഗളൂരുവിലെ ലാബിലേക്ക് അയക്കും. പരമാവധി രണ്ടു ദിവസത്തിനകം ഡി.എൻ.എ പരിശോധനാ ഫലം ലഭ്യമാക്കുമെന്ന് ഉത്തര കന്നട ജില്ല കലക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. തുടർന്ന് പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം അർജുന്‍റെ ബന്ധുക്കൾക്ക് കൈമാറും.
ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ, ജഗന്നാഥ്, ലോകേഷ് ഭട്ട് എന്നിവരുടെ തിരച്ചിലിനായി കോടിയോളം രൂപ മുടക്കി കർണാടക സർക്കാർ ഗോവയിൽ നിന്നെത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചുള്ള ദൗത്യമാണ് വിജയം കണ്ടത്.
മലയാള മാധ്യമ പ്രവർത്തകരോട് എം.എൽ.എ സതീഷ് സെയിൽ നന്ദി പറഞ്ഞു. 'പലരും പറഞ്ഞിരുന്നു പണം അനാവശ്യമായി ചിലവഴിക്കുന്നതാണ്, മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാനാണ് എന്നൊക്കെ. ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്തു. ഇനി നാട്ടുകാർക്കായുള്ള തിരച്ചിൽ തുടരും. അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകർ മടങ്ങിപ്പോകരുതെന്നാണ് ആഗ്രഹം. നിങ്ങൾ കാരണമാണ് ഇന്ന് ഞങ്ങൾ പോലും ഇവിടെ നിൽക്കുന്നത്'-അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.