മൈഹാർ ശാരദ ദേവി ക്ഷേത്രത്തിലെ രണ്ട് മുസ്ലിം ജീവനക്കാരെ പിരിച്ചുവിടുന്നു; നടപടി വി.എച്ച്.പി, ബജ്റംഗ്ദൾ പരാതിയിൽ
text_fieldsഭോപ്പാല്‍ (മധ്യപ്രദേശ്): മൂന്നര പതിറ്റാണ്ടായി മൈഹാറിലെ ശാരദ ദേവി ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന രണ്ട് മുസ്ലിം ജീവനക്കാരെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്. ക്ഷേത്രത്തിലെ ലീഗല്‍ അഡ്വൈസര്‍ ആബിദ് ഹുസൈന്‍, ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും ജലവിതരണം നടത്തുന്ന അയൂബ് എന്നിവരെയാണ് ജോലിയില്‍നിന്ന് പിരിച്ചു വിടുക. ഇതുസംബന്ധിച്ച് സംസ്ഥാന മത ട്രസ്റ്റ് മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി പുഷ്പകലേഷ് ഒപ്പിട്ട ഉത്തരവ് ക്ഷേത്ര കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. ജനുവരി 17ന് ഇറക്കിയ ഉത്തരവ് നടപ്പാക്കണമെന്നും ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് ഇതിലെ നിർദേശം.
മുസ്‌ലിം ജീവനക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ എന്നീ തീവ്ര ഹിന്ദുത്വ സംഘടനകൾ മത ട്രസ്റ്റുകളുടെയും ധർമ സ്വത്തുക്കളുടെയും സാംസ്കാരിക വകുപ്പിന്റെയും ചുമതലയുള്ള മന്ത്രി ഉഷ സിങ് താക്കൂറിനെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി. നിയമം അനുസരിച്ച് നടപടിയെടുക്കുമെന്ന് ജില്ല കലക്ടർ അനുരാഗ് വർമ പറഞ്ഞു. എന്നാൽ, നടപടിയെ കുറിച്ച് പ്രതികരിക്കാൻ മന്ത്രി തയാറായിട്ടില്ല.
കഴിഞ്ഞ 35 വർഷമായി ക്ഷേത്ര സമിതിയിലെ സ്ഥിരം ജീവനക്കാരാണ് പിരിച്ചുവിടുന്ന ആബിദ് ഹുസൈനും അയൂബും. ക്ഷേത്രത്തിന് സമീപമുള്ള മാംസ വിൽപന ശാലകളും മദ്യ വിൽപന കേന്ദ്രങ്ങളും നീക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ആബിദ് ഹുസൈനെയും അയൂബിനെയും പിരിച്ചുവിടുന്ന വിഷയത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ജാതിയുടെയോ മതത്തിന്‍റെയോ അടിസ്ഥാനത്തില്‍ ജോലിയില്‍നിന്ന് പുറത്താക്കുകയെന്നത് ഭരണഘടനാപരമായി ശരിയല്ലെന്ന വാദങ്ങളും ഉയരുന്നുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.