വാരാണസിയിൽ ടാറ്റു ചെയ്തതിന് പിന്നാലെ രണ്ട് പേർക്ക് എച്ച്.ഐ.വി
text_fieldsവാരാണസി: ടാറ്റു ചെയ്തതിന് പിന്നാലെ വാരാണസിയിൽ രണ്ട് പേർക്ക് എച്ച്.ഐ.വി ബാധിച്ചുവെന്ന് റിപ്പോർട്ട്. ടാറ്റു ചെയ്ത് രണ്ടു മാസത്തിന് ശേഷമാണ് ഇരുവർക്കും രോഗബാധ സ്ഥിരീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. രണ്ട് പേർ എച്ച്.ഐ.വി ബാധിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.
രോഗംബാധിച്ച രണ്ട് പേരും രക്തം സ്വീകരിക്കുകയോ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലേർപ്പെടുകയോ ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി. ടാറ്റു ചെയ്തതിന് ശേഷമാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ടാറ്റു ചെയ്യുമ്പോൾ രോഗാണുക്കളുള്ള സൂചി ഉപയോഗിച്ചതാണ് രോഗബാധക്കുള്ള കാരണമെന്ന് ആശുപത്രിയിലെ സീനിയർ ഡോക്ടർ ഡോ.പ്രീതി അഗർവാൾ പറഞ്ഞു.
ജില്ലയിലെ ബരാഗോൺ മേഖലയിൽ നിന്നുള്ള 22കാരനാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. ഗ്രാമത്തിൽ നടന്ന ഉത്സവത്തിനിടെയാണ് ഇയാൾ ടാറ്റു ചെയ്തത്. മാസങ്ങൾക്കകം ഇയാൾക്ക് പനിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.
നാഗ്‍വാനിൽ നിന്നുള്ള യുവതി വീട്ടിലെത്തിയ ഒരാളിൽ നിന്നാണ് ടാറ്റുചെയ്തത്. ഇവർക്ക് സമാനലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് എച്ച്.ഐ.വി സ്ഥിരീകരിക്കുകയായിരുന്നു. ഇരുവരേയും കൗൺസിങ്ങിന് വിധേയമാക്കിയതിനിൽ ടാറ്റു ചെയ്തതിനെ പിന്നാലെയാണ് ഇരുവർക്കും രോഗലക്ഷണങ്ങളുണ്ടായതെന്ന് ഡോ.പ്രീതി അഗർവാൾ പറഞ്ഞു.
ടാറ്റുവിന് ഉപയോഗിക്കുന്ന സൂചി വിലയേറിയതാണ്. ഒരുതവണ ഉപയോഗിച്ചതിന് ശേഷം ഇത് നശിപ്പിക്കാറാണ് പതിവ്. എന്നാൽ, കൂടുതൽ ലാഭം കിട്ടുന്നതിനായി ചിലർ വീണ്ടും സൂചി ഉപയോഗിക്കും. ഇത് പ്രശ്നം സൃഷ്ടിച്ചുവെന്നാണ് കരുതുന്നതെന്ന് അഗർവാൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.