ക്ഷേത്ര അക്കൗണ്ടന്റിനെ ആക്രമിച്ച കേസിൽ ട്വിസ്റ്റ്: രണ്ട് പൂജാരിമാർ അറസ്റ്റിൽ
text_fieldsക്ഷേത്രത്തിൽ കയറി അക്കൗണ്ടന്റിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പൂജാരിമാർ
ഹൈദരാബാദ്: സൈദാബാദിലെ ക്ഷേത്രത്തിലെ അക്കൗണ്ടന്റിന് നേരെ രാസവസ്തുക്കൾ എറിഞ്ഞ് ആക്രമിച്ച കേസിൽ ട്വിസ്റ്റ്. സംഭവത്തിൽ രണ്ട് പൂജാരിമാരെ ഹൈദരാബാദ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച സൈദാബാദ് ധോബി ഘട്ട് റോഡിലെ ശ്രീ ഭൂലക്ഷ്മി മാതാ ക്ഷേത്രത്തിലാണ് കേസിനാസ്പദമായ സംഭവം.
ക്ഷേത്ര പൂജാരിമാരായ മേദക് ജില്ലയിൽ സദാശിവ്‌പേട്ട സ്വദേശി റായ്കോട് ഹരിപുത്ര (31), സൈദാബാദ് സ്വദേശി അരിപിരള രാജശേഖർ ശർമ്മ (41) എന്നിവരെയാണ് സൈദാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭൂലക്ഷ്മി മാതാ ക്ഷേത്രത്തിലെ അക്കൗണ്ടന്റും ക്ഷേത്ര, ഗോശാല കമ്മിറ്റി അംഗവുമായ ഗോപി എന്ന ചിന്തല നർസിങ് റാവു (60) ആണ് ആക്രമണത്തിന് ഇരയായത്.
മാർച്ച് 14ന് വൈകീട്ട് 6.30 ഓടെ ക്ഷേത്രത്തിലെ റിസപ്ഷൻ കൗണ്ടറിൽ ഇരിക്കുകയായിരുന്നു ഗോപി. ഈ സമയത്ത് ക്ഷേത്രത്തിലെ 'അന്നദാനം' പരിപാടിയെക്കുറിച്ച് അന്വേഷിച്ച് അജ്ഞാതൻ അദ്ദേഹത്തെ സമീപിച്ചു. തുടർന്ന് തന്റെ പേരിൽ അന്നദാനം രസീത് എഴുതാൻ ആവശ്യപ്പെട്ടു. എഴുതിക്കൊണ്ടിരിക്കെ, പെട്ടെന്ന് 'ഹാപ്പി ഹോളി' എന്ന് പറഞ്ഞ് റാവുവിന്റെ തലയിൽ രാസദ്രാവകം ഒഴിച്ച് ഓടിപ്പോവുകയായിരുന്നു.
റാവുവിന്റെ തലയോട്ടി, മുഖം, കണ്ണുകൾ, കഴുത്ത് എന്നിവിടങ്ങളിൽ പൊള്ളൽ അനുഭവപ്പെട്ടതായി സൗത്ത്-ഈസ്റ്റ് സോൺ ഡി.സി.പി പാട്ടീൽ കാന്തിലാൽ സുഭാഷ് പറഞ്ഞു. തലയോട്ടിയിൽ നിന്ന് പുക ഉയരാൻ തുടങ്ങി. തുടർന്ന് മലക്പേട്ടിലെ യശോദ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റാവു നൽകിയ പരാതിയെ തുടർന്ന് ആറ് ടീമുകൾ രൂപീകരിച്ചാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. കുറ്റകൃത്യം നടന്ന സ്ഥലം മുതൽ പ്രതി ഇരുചക്രവാഹനത്തിൽ രക്ഷപ്പെട്ടതായി കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ ഷെയ്ക്ക്പേട്ടിലെ വസതിയിൽ വെച്ചാണ് പ്രതിയായ റായ്കോട് ഹരിപുത്ര പൂജാരിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ, അരിപിരള രാജശേഖർ ശർമ്മ പൂജാരിയുടെ നിർദ്ദേശപ്രകാരമാണ് കുറ്റകൃത്യം ചെയ്തതെന്ന് അദ്ദേഹം സമ്മതിച്ചു.
വ്യക്തിപരമായ തർക്കങ്ങൾ കാരണമാണ് റാവുവിനെ ആക്രമിച്ചതെന്ന് ചോദ്യം ചെയ്യലിൽ ശേഖർ സമ്മതിച്ചു. ആക്രമണത്തിന് 2,000 രൂപയാണ് ഹരിപുത്രക്ക് പ്രതിഫലം നിശ്ചയിച്ചത്. 1,000 രൂപ മുൻകൂർ നൽകി. പ്രതികളെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.