ദാവൂദ് ഇബ്രാഹിമിന്‍റെ രത്നഗിരിയിലെ സ്വത്തുക്കൾ ലേലം ചെയ്തു; കുട്ടിക്കാലം ചെലവഴിച്ച വീട് വാങ്ങാൻ ആളില്ല
text_fieldsമുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കുടുംബത്തിന്‍റെ പേരിലുള്ള മഹാരാഷ്ട്ര രത്നഗിരിയിലെ രണ്ടു സ്വത്തുവകകൾ ലേലത്തിൽ വിറ്റുപോയി. കള്ളക്കടത്തുകാർക്കും വിദേശനാണയ വിനിമയ ചട്ടങ്ങൾ ലംഘിക്കുന്നവർക്കും എതിരെയുള്ള നിയമപ്രകാരം (സഫെമ) കണ്ടുകെട്ടിയ രണ്ടു കൃഷിഭൂമികളാണ് വെള്ളിയാഴ്ച നടന്ന ലേലത്തിൽ വിറ്റുപോയത്. രത്‌നഗിരി ഖേഡ് താലൂക്കിലെ ബംഗ്ലാവുകളും മാമ്പഴത്തോട്ടവും ഉൾപ്പെടെ നാലു സ്വത്തുവകകളാണ് ലേലത്തിൽ വെച്ചിരുന്നത്. എന്നാൽ, ബംഗ്ലാവ് വാങ്ങാൻ ആരും താൽപര്യം കാണിച്ചില്ല. 15,440 രൂപ അടിസ്ഥാന വിലയിട്ടിരുന്ന 170.98 ചതുരശ്ര മീറ്റർ കൃഷിഭൂമി 2.01 കോടി രൂപക്കും 1.56 ലക്ഷം രൂപ അടിസ്ഥാന വിലയിട്ട 1730 ചതുരശ്ര മീറ്റർ ഭൂമി 3.28 ലക്ഷം രൂപക്കുമാണ് വിറ്റുപോയതെന്ന് വാർത്ത ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. രണ്ടു സ്വത്തുക്കളും ഒരാൾ തന്നെയാണ് വാങ്ങിയത്. ഇദ്ദേഹത്തിന്‍റെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ദാവൂദ് ജനിച്ച് കുട്ടിക്കാലം ചെലവഴിച്ച മുംബാകെയിലെ വസതിയും ലേലത്തിന് വെച്ചിരുന്നു. നാലു സ്വത്തുക്കൾക്കുമായി 19 ലക്ഷം രൂപയാണ് അടിസ്ഥാന വിലയിട്ടിരുന്നത്. നേരത്തെ, ദാവൂദിന്റെ സഹോദരി ഹസീന പാർക്കറുടെ ഇതേ സ്ഥലത്തെ രണ്ടു പ്ലോട്ടുകളും പഴയ പെട്രോൾ പമ്പും ഉൾപ്പെടെയുള്ളവ 2020ൽ 1.10 കോടി രൂപക്ക് ലേലം ചെയ്തിരുന്നു. കൂടാതെ, 2017ലും ഏതാനും സ്വത്തുക്കൾ ലേലത്തിൽ വിറ്റുപോയിരുന്നു.
സൗത് മുംബൈയിലെ ആയങ്കർ ഭവനിലാണ് ലേല നടപടികൾ നടന്നത്. പാകിസ്താനിൽ ഒളിവിൽ കഴിയുന്ന ദാവൂദിന്റെ ആരോഗ്യനില അപകടത്തിലാണെന്ന് അടുത്തിടെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.