അനന്ത്നാഗിൽ രണ്ടു ഭീകരരെ വളഞ്ഞതായി പൊലീസ്
text_fieldsഅനന്ത്നാഗ്: ജമ്മു-കശ്മീരിലെ അനന്ത്നാഗിൽ മൂന്നു സുരക്ഷ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചതിന് പിന്നാലെ, തിരച്ചിൽ ഊർജിതമാക്കി പൊലീസും െസെന്യവും. രണ്ട് ലശ്കറെ ത്വയ്യിബ ഭീകരരെ വളഞ്ഞതായി ജമ്മു-കശ്മീർ പൊലീസ് അറിയിച്ചു. ഭീകരരിൽ ഒരാൾ ഇതേ ജില്ലക്കാരനായ ഉസൈർ ഖാനാണ്. കഴിഞ്ഞ വർഷം മുതൽ ഇയാളെ നാട്ടിൽനിന്ന് കാണാതായിരുന്നു. വ്യാഴാഴ്ച പുലർച്ചെ അനന്ത്നാഗിലെ കൊകർനാഗിൽ വനത്തിനുള്ളിൽ നിന്നുള്ള വെടിയൊച്ച കേട്ടതായി റിപ്പോർട്ടുണ്ട്.
ഇവിടത്തെ മലനിരകളിലെ ഗുഹകളിൽ തീവ്രവാദികൾ ഒളിച്ചതായാണ് കരുതുന്നത്. ഇവിടെ സൈനിക കോപ്റ്ററുകളും വലംവെക്കുന്നുണ്ടായിരുന്നു. തുടർച്ചായി രണ്ടാം ദിവസമാണ് മേഖലയിൽ തീവ്രവാദികളെ പിടികൂടാനുള്ള ശ്രമം നടക്കുന്നത്. ജീവൻ ബലിയർപ്പിച്ച കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോനക്, ഡി.എസ്.പി ഹുമയൂൺ ഭട്ട് എന്നിവരുടെ അചഞ്ചലമായ ധീരതക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായി കശ്മീർ സോൺ പൊലീസ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. പൊലീസും സേനയും സംയുക്തമായി തിരച്ചിൽ നടത്തുമ്പോഴാണ് കഴിഞ്ഞ ദിവസം ഭീകരർ വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെ മൂവരും മരണത്തിന് കീഴടങ്ങി.
വീരമൃത്യു വരിച്ച ഹരിയാന സ്വദേശികളും 19 രാഷ്ട്രീയ റൈഫിൾസ് സേന ഉദ്യോഗസ്ഥരുമായ കേണൽ മൻപ്രീത് സിങ്ങിന്റെയും മേജർ ആശിഷ് ദോനചകിന്റെയും മൃതദേഹം സംഭവം നടന്ന കോകർനാഗിൽനിന്ന് ബഡാമിബാഗ് കന്റോൺമെന്റിലെ ആർമി ബേസ് ആശുപത്രിയിലേക്കാണ് ആദ്യം മാറ്റിയത്. ഉന്നത ഉദ്യോഗസ്ഥരടക്കം അന്തിമോപചാരമർപ്പിച്ചശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
മൻപ്രീത് സിങ്ങിന്റെ മൊഹാലിയിലെ മുല്ലൻപുരിലെയും ആശിഷ് ദോനചകിന്റെ പാനിപ്പതിലെയും വീട്ടിൽ നിരവധിപേരാണ് ദുഃഖഭാരത്തോടെ എത്തിയത്. മൻപ്രീത് സിങ്ങിന്റെ ഭാര്യയെ വ്യാഴാഴ്ച രാവിലെയാണ് മരണവിവരമറിയിച്ചത്. മൂന്നു തലമുറയായി സൈന്യത്തിൽ സേവനം ചെയ്യുന്നവരാണ് ഈ കുടുംബം. ഇദ്ദേഹത്തിന് ആറു വയസ്സായ മകനും രണ്ടു വയസ്സായ മകളുമുണ്ട്. കടുത്ത തീരുമാനത്തിലൂടെ ഭീകരരെ ഇല്ലാതാക്കണമെന്ന് മൻപ്രീത് സിങ്ങിന്റെ അമ്മ മഞ്ജിത് കൗർ പറഞ്ഞു. ഞായറാഴ്ചയും മകനുമായി സംസാരിച്ചിരുന്നെന്നും അമ്മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.