കർണാടകയിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടുവയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു
text_fieldsബെംഗളൂരു: കർണാടകയിലെ വിജയപുരി ജില്ലയിലെ ലച്യാന ഗ്രാമത്തിൽ രണ്ടുവയസുകാരൻ കുഴൽക്കിണറിൽ വീണു. ബുധനാഴ്ച വൈകീട്ടാണ് അപകടം. 15 അടി താഴ്ചയിലേക്ക് വീണ കുട്ടിയെ പുറത്തെത്തിക്കാനായി രക്ഷാപ്രവർത്തനം തുടരുകയാണ്.
വീടിനു സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സ്വാതിക് എന്ന രണ്ടു വയസുകാരനാണ് മൂടിയിട്ടില്ലാത്ത കുഴൽക്കിണറിലേക്ക് വീണത്. കൃഷി ആവശ്യത്തിനായി കുട്ടിയുടെ പിതാവ് സതീഷ് മുജഗോന്ദ് നിർമിച്ച കുഴൽക്കിണറിലാണ് കുട്ടി വീണത്.
ബുധനാഴ്ച വൈകീട്ട് ആറരയോടെ ആരംഭിച്ച രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. പൊലീസ്, അഗ്നിശമനസേന, താലൂക്ക്, പഞ്ചായത്ത് അംഗങ്ങൾ, അത്യാഹിത വിഭാഗത്തിലെ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്.
കുട്ടിയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിയ്ക്ക് ഓക്സിജൻ എത്തിക്കുന്നതിനായുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പാടാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കുഴൽക്കിണറിന് അടുത്ത് സമാന്തരമായി കുഴി ഉണ്ടാക്കി കുട്ടിയെ പുറത്തെത്തിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. എന്നാൽ പാറകൾ കുഴിയെടുക്കുന്നതിൽ തടസം സൃഷ്ടിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
അതേസമയം രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കാൻ വിജയപുര ജില്ല ഭരണകൂടത്തിന് നിർദ്ദേശം നൽകിയതായും കുട്ടി പെട്ടന്നുതന്നെ മാതാപിതാക്കളുടെ അടുത്തേക്ക് എത്താൻ പ്രാർഥിക്കുന്നുവെന്നും കർണാടക മന്ത്രി എം.ബി. പാട്ടീൽ എക്‌സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.