യു.പിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു വയസ്സുകാരിയെ ചെന്നായക്കൂട്ടം കടിച്ചു കൊന്നു; മൂന്നു പേർക്ക് പരിക്ക്
text_fieldsബഹ്‌റൈച്ച് (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു വയസ്സുകാരി ചെന്നായ്‌ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ 3.55ഓടെയാണ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ജലി എന്ന കുട്ടി കൊല്ലപ്പെട്ടതെന്ന് എ.എൻ.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ഒന്നര മാസത്തിനിടെ ചെന്നായ്ക്കൾ കൂട്ടമായി ചേർന്ന് ഏഴ് കുട്ടികളെയും ഒരു സ്ത്രീയെയും കൊന്നിരുന്നു. തുടർന്ന് ബഹ്‌റൈച്ചിലെ 35ലധികം ഗ്രാമങ്ങൾ അതീവ ജാഗ്രതയിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പട്രോളിങ് നടത്തിയിട്ടും ആക്രമണങ്ങൾ തുടരുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഉറങ്ങുന്നതിനിടെ ബാലികയെ ചെന്നായ കടിച്ചു കൊണ്ടു പോവുകയായിരുന്നെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
പരിക്കേറ്റ പരാസ്, കമലാ ദേവി, അഞ്ജല എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കാൻ ബഹ്‌റൈച്ച് ജില്ലാ മജിസ്‌ട്രേറ്റ് മോണിക്ക റാണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘ഓപ്പറേഷൻ ഭേദിയ’യുടെ കീഴിൽ വനംവകുപ്പ് നാല് ചെന്നായ്ക്കളെ പിടികൂടിയതായി അധികൃതർ അറിയിച്ചു. ബഹ്‌റൈച്ച്, സീതാപൂർ, ലഖിംപൂർ, പിലിഭിത്, ബിജ്‌നോർ തുടങ്ങിയ ജില്ലകളിൽ വനംവകുപ്പിൽ നിന്നുള്ള അധിക ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.