പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ച് യു.എ.ഇ; ശൈഖ് ഹംദാൻ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും
text_fieldsദുബൈ: പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ച് യു.എ.ഇ. ദുബൈ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ശൈഖ് ഹംദാൻ യു.എ.ഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാകും. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ശനിയാഴ്ച മന്ത്രിസഭ പുന:സംഘടന പ്രഖ്യാപിച്ചത്. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും ഉപ പ്രധാനമന്ത്രിയുടെ ചുമതല നൽകി. വിദ്യാഭ്യാസ, നൂതന സാങ്കേതിക വിദ്യ വകുപ്പ് സഹ മന്ത്രിയായിരുന്ന സാറ അൽ അമീരിയെ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. മാനവ വിഭവ ശേഷി, സ്വദേശിവക്ത്കരണ മന്ത്രി ഡോ. അബ്ദുർറഹ്മാൻ അൽ അവാറിന് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ വകുപ്പിന്‍റെ അധിക ചുമതല നൽകിയിട്ടുണ്ട്. മുൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അഹമ്മദ് ബെൽഹൂലാണ് പുതിയ കായിക മന്ത്രി. സംരംഭകത്വ വകുപ്പിന്‍റെ സഹ മന്ത്രിയായി ആലിയ അബ്ദുല്ല അൽ മസ്റൂയിയെ നിയമിച്ചിട്ടുണ്ട്. പൊതു, സ്വകാര്യ മേഖലയിലെ അനുഭവ സമ്പത്തുള്ള ആലിയയുടെ സേവനം ഇമാറാത്തികൾക്ക് സാമ്പത്തികമായ അവസരങ്ങൾ സൃഷ്ടിക്കാൻ സഹായകമാവുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
മന്ത്രിസഭ പുന:സംഘടനക്കൊപ്പം ഹ്യൂമൺ റിസോഴ്സ് കൗൺസിലും വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. കമ്യൂണിറ്റി ഡവലപ്മെന്റ് മന്ത്രാലയത്തെ കൗൺസിലിൽ ഉൾപ്പെടുത്തിയതാണ് പ്രധാന മാറ്റം. പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം എല്ലാ മാറ്റങ്ങളും അദ്ദേഹം അംഗീകരിച്ചതായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു. വിവിധ മേഖലകളിലെ നേതൃത്വവും പ്രവർത്തനക്ഷമതയും കൂടുതൽ ശക്തമാക്കുന്നതിന് അധിക നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.