കഫീല്‍ഖാനെതിരെ ദേശ സുരക്ഷാ നിയമം മൂന്ന് മാസം കൂടി നീട്ടി
text_fieldsന്യൂഡല്‍ഹി: പൗരത്വ സമരത്തില്‍ പങ്കെടുത്തതിന് ശിശുരോഗ വിദഗ്ധനും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. കഫീല്‍ഖാനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ നിര്‍ദേശ പ്രകാരമാണ് മൂന്ന് മാസത്തേക്ക് നീട്ടിയതെന്ന് അലീഗഢ് ജില്ല മജിസ്ട്രേറ്റ് ചന്ദ്രഭൂഷന്‍ സിങ് അറിയിച്ചു. ഇതോടെ ആഗസ്റ്റ് മൂന്ന് വരെ കുറ്റപത്രം സമര്‍പ്പിക്കാതെ കഫീല്‍ഖാനെ ജയിലിലിടാനാകും.
അലീഗഢ് മുസ്ലിം സര്‍വകലാശാലയിലെ പൗരത്വ സമരത്തില്‍ പങ്കെടുത്ത് സംസാരിച്ചതിനാണ് ഫെബ്രുവരി 13ന് അറസ്റ്റ് ചെയ്ത് കഫീല്‍ഖാനെ ഉത്തര്‍പ്രദേശിലെ മഥുര ജയിലില്‍ അടച്ചിരിക്കുകയാണ്. അലീഗഢില്‍ സ്വരാജ് അഭിയാന് നേതാവ് യോഗേന്ദ്ര യാദവിനൊപ്പം പൗരത്വ സമര വേദിയില്‍ പ്രസംഗിച്ച കഫീല്‍ ഖാനെ കേരളത്തിൽ പരിപാടിക്കായി വരുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.
2017 ആഗസ്റ്റില്‍ യോഗി ആദിത്യനാഥിെൻറ തട്ടകമായ ഗോരഖ്പൂരില്‍ ഓക്സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ചപ്പോള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ ഓക്സിജന്‍ എത്തിച്ച് നിരവധി ജീവന് രക്ഷിച്ചത് ശിശുരോഗ വിദഗ്ധനായിരുന്ന കഫീല്‍ഖാനായിരുന്നു. എന്നാല്‍ ഓക്സിജന്‍ ബില്ലുകള്‍ അടക്കാത്തതില്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ച മാധ്യമങ്ങളോട് തുറന്നുപറഞ്ഞത് തൊട്ടാണ് യോഗി സര്‍ക്കാര്‍ കഫീല്‍ഖാനെ വേട്ടയാടി തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.