യു.എ.പി.എ കേസ്: കെ.കെ. ഷാഹിനയടക്കം മൂന്നുപേരുടെ ഹരജി കർണാടക ഹൈകോടതി തള്ളി
text_fieldsബംഗളൂരു: കർണാടക പൊലീസ് യു.എ.പി.എ ചുമത്തിയതിനെതിരെ മാധ്യമപ്രവർത്തക കെ.കെ. ഷാഹിനയടക്കം മൂന്നുപേർ നൽകിയ ഹരജി കർണാടക ഹൈകോടതി തള്ളി. ബംഗളൂരു സ്ഫോടന പരമ്പര കേസിൽ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്കെതിരെ സാക്ഷിമൊഴി നൽകിയ കുടക് സ്വദേശി കെ. ബി. റഫീഖ്, ബി.ജെ.പി പ്രവർത്തകൻ കെ.കെ. യോഗാനന്ദ് എന്നിവരെ ഭീഷണിപ്പെടുത്തിയതായാണ് കേസ്.
കൊച്ചി സ്വദേശിയായ കെ.കെ. ഷാഹിനക്ക് പുറമെ, കാസർകോട് സ്വദേശി സുബൈർ പടുപ്പ്, കുടക് മടിക്കേരി യലവിദഹള്ളി സ്വദേശി ഉമ്മർ മൗലവി എന്നിവർക്കെതിരെ സോമവാർപേട്ട്, സിദ്ധാപുര സ്റ്റേഷനുകളിലായി 2010 ലാണ് രണ്ടു കേസ് രജിസ്റ്റർ ചെയ്തത്. ബംഗളൂരു സ്ഫോടനക്കേസിലെ ഒന്നാം പ്രതിയായ തടിയൻറവിട നസീറിെൻറ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയിൽ പങ്കെടുക്കാൻ മഅ്ദനി കുടകിൽ പോയെന്നാണു പ്രോസിക്യൂഷൻ വാദം. മഅ്ദനിയെ കുടകിൽവെച്ച് കണ്ടെന്ന് റഫീഖും യോഗാനന്ദും മൊഴി നൽകി. തെഹൽക റിപ്പോർട്ടറായിരുന്ന കെ.കെ. ഷാഹിന 2010 നവംബർ 16ന് ഇരുവരെയും സ്റ്റിങ് ഓപറേഷൻ വഴി അഭിമുഖം നടത്തിയപ്പോൾ ഇരുവരും മൊഴി നിഷേധിച്ചു.
ഈ റിപ്പോർട്ടിനെ തുടർന്നാണ് സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന പേരിൽ കെ.കെ. ഷാഹിനക്കെതിരെയും സഹായത്തിന് കൂടെയുണ്ടായിരുന്ന സുബൈർ, ഉമ്മർ മൗലവി എന്നിവർക്കെതിരെയും കേസെടുത്തത്. തീവ്രവാദക്കേസിൽ പ്രതിചേർക്കുമെന്നു ഭീഷണിപ്പെടുത്തി തന്നെക്കൊണ്ട് സാക്ഷിമൊഴി പറയിപ്പിക്കുകയായിരുന്നുവെന്ന് എൻ.ഐ.എ കോടതിയിലെ സാക്ഷിവിസ്താരത്തിലും പിന്നീട് റഫീഖ് വെളിപ്പെടുത്തിയിരുന്നു. കേസിനെതിരെ മൂവരും മടിക്കേരി ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും 2018 ഫെബ്രുവരി 28ന് ഹരജികൾ തള്ളിയിരുന്നു. തുടർന്നാണ് ഹൈകോടതിയിൽ ക്രിമിനൽ പെറ്റീഷൻ സമർപ്പിച്ചത്.
മതിയായ പരിശോധനയില്ലാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് കേസിൽ യു.എ.പി.എ ചുമത്തിയതെന്ന ഹരജിക്കാരുടെ വാദം കേസ് പരിഗണിച്ച ജസ്റ്റിസ് എൻ.കെ. സുധീന്ദ്ര റാവു അംഗീകരിച്ചില്ല. സർക്കാറിനുവേണ്ടി അഡീഷനൽ അഡ്വക്കറ്റ് ജനറൽ ആർ. സുബ്രഹ്മണ്യ ഹാജരായി. വിധിയുടെ പകർപ്പ് ലഭിച്ച ശേഷം നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് കെ.കെ. ഷാഹിന 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.