പോപുലർ ഫ്രണ്ട് നിരോധനം ശരിവെച്ച് യു.എ.പി.എ ട്രൈബ്യൂണൽ
text_fieldsന്യൂഡൽഹി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകൾക്കും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിരോധനം യു.എ.പി.എ ട്രൈബ്യൂണൽ ശരിവെച്ചു. ഒരു പ്രത്യേക മതസമുദായത്തെ മാത്രം ലക്ഷ്യമിട്ട നടപടിയാണ് തങ്ങൾക്കെതിരായ നിരോധനമെന്ന പി.എഫ്.ഐയുടെ വാദം തള്ളിയാണ് ഡൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദിനേശ് കുമാർ അധ്യക്ഷനായ യു.എ.പി.എ ട്രൈബ്യൂണൽ നടപടി.
കഴിഞ്ഞ വർഷം സെപ്റ്റംബർ 28നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷനൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ(എൻ.സി.എച്ച്.ആർ.ഒ), നാഷനൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഇന്ത്യ കേരള എന്നിവയെയും നിരോധിച്ചത്. ഭീകരസംഘടനകളുമായുള്ള ബന്ധവും ഭീകര പ്രവർത്തനത്തിൽ പങ്കാളിത്തവും ആരോപിച്ച് നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ (യു.എ.പി.എ)ത്തിൻ കീഴിൽ നിയമവിരുദ്ധ സംഘടനകളായി പ്രഖ്യാപിച്ച് അഞ്ചു വർഷത്തേക്കായിരുന്നു നിരോധനം.
യു.എ.പി.എ മൂന്നാം വകുപ്പ് പ്രകാരം ഏതെങ്കിലും സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കിയാൽ 30 ദിവസത്തിനകം ആ വിജ്ഞാപനം യു.എ.പി.എ ട്രൈബ്യൂണലിന് അയച്ചുകൊടുക്കണം. തുടർന്ന് സംഘടനയുടെ നിരോധനം ശരിയാണോ തെറ്റാണോ എന്ന് ട്രൈബ്യൂണൽ തീർപ്പുകൽപിക്കും. നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം ഹൈകോടതി ജഡ്ജി അടങ്ങുന്നതാകണം ട്രൈബ്യൂണൽ. ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം കൈപ്പറ്റിയാലുടൻ ട്രൈബ്യൂണൽ കാരണം കാണിക്കൽ നോട്ടീസ് അയക്കും.
സംഘടനയെ നിരോധിത സംഘടനയായി പ്രഖ്യാപിക്കാതിരിക്കാനുള്ള വല്ല കാരണവുമുണ്ടെങ്കിൽ ഒരു മാസത്തിനകം അത് സംഘടന ട്രൈബ്യൂണൽ മുമ്പാകെ ബോധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുക. പി.എഫ്.ഐയുടെ കാര്യത്തിൽ ഡൽഹി ഹൈകോടതി ജഡ്ജി ശർമയെ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് യു.എ.പി.എ ട്രൈബ്യൂണൽ അധ്യക്ഷനായി നിയമിച്ചത്. തുടർന്ന് കേന്ദ്ര സർക്കാർ ട്രൈബ്യൂൂണൽ മുമ്പാകെ 100 സാക്ഷികളെ ഹാജരാക്കുകയും സംഘടനയുടെ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന രണ്ടു വിഡിയോകൾ സമർപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.