ബി.ജെ.പി-സംഘ് പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കാനുള്ള അടുത്ത ശ്രമമാണ് ഏക സിവിൽ കോഡ് -എം.കെ സ്റ്റാലിൻ
text_fieldsചെന്നൈ: എതിർക്കുന്നവർക്കെതിരായ പ്രതികാര നടപടിയാണ് കേന്ദ്ര സർക്കാരിന്‍റെ ഏക സിവിൽ കോഡെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ബി.ജെ.പി-സംഘ് പ്രത്യയശാസ്ത്രങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.സി.സി ഉപയോഗിച്ച് രാജ്യത്ത് വർഗീയ വികാരം വളർത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് സ്റ്റാലിൻ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ബി.ജെ.പിയെ കടന്നാക്രമിച്ച് സ്റ്റാലിൻ രംഗത്തെത്തിയിരിക്കുന്നത്.
തങ്ങളെ എതിർക്കുന്ന രാഷ്ട്രീയക്കാരെ അപായപ്പെടുത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, ആദായനികുതി വകുപ്പ് എന്നിവയെ ബി.ജെ.പി ഉപയോഗിക്കുന്നത് പോലെ മറ്റൊരു ഉപകരണമായിരിക്കും യു.സി.സി. 2014ലും 2019ലും വലിയ വാഗ്ദാനങ്ങൾ നൽകിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. എന്നാൽ ഇതൊന്നും നടപ്പാക്കിയിട്ടില്ലെന്നും കേന്ദ്രത്തിലേത് സ്വേച്ഛാധിപത്യ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് നടന്ന വിവാഹചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ എല്ലാ വാഗ്ദാനങ്ങളും കൃത്യമായി പാലിച്ച് ദ്രാവിഡ സർക്കാർ വിജയകരമായി മുന്നോട്ട് പോകുകയാണ്. വാഗ്ദാനങ്ങൾ നൽകിയാൽ പാലിക്കുന്ന ഒരു സർക്കാരിനെയാണ് രാജ്യത്തിന് വേണ്ടത്. നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ, സനാതന ധർമങ്ങളും മതവും ജാതിയും ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ച് ജനവിരുദ്ധ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും സ്റ്റാലിൻ വ്യക്തമാക്കി.
ധ്യപ്രദേശിൽ നടന്ന ചടങ്ങിൽ തമിഴ്നാട് ഭരണത്തെ രാജവംശ രാഷ്ട്രീയം എന്ന് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മവിശേഷിപ്പിച്ചിരുന്നു. ദ്രാവിഡ സംസ്കാരത്തോടും ഭരണത്തോടും മോദിക്ക് അതിയായ അഭിനിവേശമുണ്ടെന്നും അതിനാലാണ് മധ്യപ്രദേശിൽ പോയിട്ടും ദ്രാവിഡ ഭരണത്തെ കുറിച്ച് വാചാലനായതെന്നും സ്റ്റാലിൻ പരിഹസിച്ചു.
"പലരും ഇവിടെ സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു ഡി.എം.കെ ഓരോ വിവാഹവും തങ്ങളുടെ കുടുബത്തിലേതെന്ന പോലെയാണ് ആഘോഷിക്കുന്നതെന്ന്. പ്രധാനമന്ത്രി ഈ പ്രസംഗങ്ങളൊക്കെ കേട്ടിരുന്നെങ്കിൽ തീർച്ചയായും അദ്ദേഹത്തിന് ദേഷ്യം വന്നേനെ. കാരണം മോദിക്ക് അത്തരം പ്രസംഗങ്ങളൊന്നും ഇഷ്ടമല്ല" - സ്റ്റാലിൻ പറഞ്ഞു.
2024ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുചേരണമെന്നും കോൺഗ്രസ് ഇതര പ്രതിപക്ഷ ഐക്യം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
"ബി.ജെ.പി വിരുദ്ധ, കോൺഗ്രസ് ഇതര പ്രതിപക്ഷ ഐക്യം എന്നത് ഒരിക്കലും നടപ്പിലാകില്ല. പ്രതിപക്ഷ പാർട്ടികൾ എല്ലാവരും ഒന്നിച്ചുചേരണം. അതേപോലെ കോൺഗ്രസ് ഇതര പ്രതിപക്ഷ ഐക്യം എന്ന ആശയത്തെ കുറിച്ച് ചിന്തിക്കുന്നത് മണ്ടത്തരമാണ്. കാരണം അങ്ങനെയൊരു ആശയം രാജ്യത്ത് ഒരിക്കലും നടപ്പിലാകില്ല. അത്തരമൊരു ഐക്യം കരയ്ക്കടുക്കുകയുമില്ല" - സ്റ്റാലിൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.