Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏക സിവിൽ കോഡ്: ഏതു...

ഏക സിവിൽ കോഡ്: ഏതു നീക്കവും സമവായത്തിലൂടെയേ ആകാവൂ; ഓർമപ്പെടുത്തലുമായി എൻ.ഡി.എ ഘടകക്ഷി

text_fields
bookmark_border
ഏക സിവിൽ കോഡ്: ഏതു നീക്കവും സമവായത്തിലൂടെയേ ആകാവൂ; ഓർമപ്പെടുത്തലുമായി എൻ.ഡി.എ ഘടകക്ഷി
cancel
camera_alt

കെ.സി ത്യാഗി


ന്യൂഡൽഹി: യൂണിഫോം സിവിൽ കോഡ് ഇപ്പോഴും പാർട്ടിയുടെ അജണ്ടയിലുണ്ടെന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അർജുൻ റാം മേഘ്‌വാളിന്റെ വാക്കുകൾക്കു പിന്നാലെ ഓർമപ്പെടുത്തലുമായി ദേശീയ ജനാധിപത്യ സഖ്യത്തിന്റെ മൂന്നാമത്തെ വലിയ ഘടകകക്ഷിയായ ജനതാദൾ യുനൈറ്റഡ്. അത്തരത്തിലുള്ള ഏതൊരു നീക്കവും സമവായത്തിലൂടെ ആവണമെന്ന് ജെ.ഡി.യു ദേശീയ സെക്രട്ടറി കെ.സി ത്യാഗി പറഞ്ഞു. പാർട്ടി യു.സി.സിക്ക് എതിരല്ലെങ്കിലും സമവായത്തിലൂടെയാണ് ഇത്തരമൊരു നീക്കം കൊണ്ടുവരാൻ ആഗ്രഹിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

യു.സി.സി പോലുള്ള സുപ്രധാനവും നയപരവുമായ തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കാൻ കഴിയില്ലെന്നും മറ്റ് എൻ.ഡി.എ സഖ്യകക്ഷികളുമായി കൂടിയാലോചിക്കണമെന്നുമുള്ള ജെ.ഡി.യുവിന്റെ ഈ വാദത്തെ ബി.ജെ.പിക്കു നൽകുന്ന വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

യു.സി.സി ഇപ്പോഴും പാർട്ടിയുടെ അജണ്ടയിലുണ്ടെന്ന് കേന്ദ്ര നിയമ-നീതി സഹമന്ത്രിയായ മേഘ്‌വാൾ ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ യു.സി.സി നടപ്പാക്കുന്നത് പാർട്ടിയുടെ അജണ്ടയായി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, 2017ൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ യു.സി.സി സംബന്ധിച്ച് നിയമ കമീഷനിൽ നിവേദനം നൽകിയപ്പോൾ മുതൽ ഈ വിഷയത്തിൽ തങ്ങൾ അതേ നിലപാട് തന്നെയാണ് തുടരുന്നതെന്ന് പാർലമെന്റിൽ 12 എം.പിമാരുള്ള ജെ.ഡി.യു ബി.ജെ.പിയെ ഓർമിപ്പിച്ചു.

‘യു.സി.സി കൊണ്ടുവരാൻ ശ്രമിക്കേണ്ടതുണ്ടെങ്കിലും അത്തരമൊരു ശ്രമം മുകളിൽനിന്ന് അടിച്ചേൽപ്പിക്കുന്നതിനു പകരം വിശാലമായ സമവായത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം’ എന്നായിരുന്നു അന്ന് നിതീഷ് കുമാർ നിവേദനത്തിൽ എഴുതിയത്. വിവിധ മതങ്ങൾക്കും വംശീയ വിഭാഗങ്ങൾക്കും വേണ്ടിയുള്ള നിയമങ്ങളുടെയും ഭരണതത്വങ്ങളുടെയും കാര്യത്തിൽ സൂക്ഷ്മമായ സന്തുലിതാവസ്ഥയിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രമാണ് ഇന്ത്യ എന്നും നിതീഷ് കുമാർ കത്തിൽ പരാമർശിച്ചിരുന്നു.

യു.സി.സി നടപ്പാക്കാനുള്ള ഏതൊരു ശ്രമവും സാമൂഹിക സംഘർഷത്തിനും മതസ്വാതന്ത്ര്യത്തിന്റെയും ഭരണഘടന ഉറപ്പിലുള്ള വിശ്വാസത്തിന്റെയും ശോഷണത്തിനും ഇടയാക്കുമെന്നും അദ്ദേഹം എഴുതുകയുണ്ടായി. ആ സമയത്ത് നിയമ കമീഷൻ അയച്ച ചോദ്യാവലിക്കെതിരെയും ബിഹാർ മുഖ്യമന്ത്രി എതിർപ്പ് ഉന്നയിച്ചിരുന്നു. ‘പ്രത്യേക രീതിയിൽ പ്രതികരിക്കാൻ നിർബന്ധിതരാക്കുന്ന’ വിധത്തിലാണ് ഇത് തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ടി.ഡി.പി നേതാക്കളും യു.സി.സി പോലുള്ള വിഷയങ്ങളിൽ ചർച്ചയുടെയും സമവായത്തിലെത്തുന്നതിന്റെയും പ്രാധാന്യം അടിവരയിട്ടിരുന്നു.

എൻ.ഡി.എയിലെ ഏറ്റവും വലിയ ഘടകകക്ഷിയായ ബി.ജെ.പിക്ക് പാർലമെന്റിൽ സ്വന്തമായി ഭൂരിപക്ഷമില്ലാത്തതിനാൽ ജെ.ഡി (യു), തെലുഗുദേശം പാർട്ടി എന്നീ പാർട്ടികളുടെ പിന്തുണ അനിവാര്യമാണ്. യു.സി.സി പോലുള്ള വിഷയങ്ങളിൽ ഘടകകക്ഷികൾ സമവായം ആവശ്യപ്പെട്ടാൽ അത് ബി.ജെ.പിക്ക് തലവേദന സൃഷ്ടിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:n.d.aJD (U)UCCK.C. Thyagi
News Summary - UCC: N.D.A ally JD (U) reminds that any decision must come through consensus
Next Story