‘ഏക സിവിൽ കോഡിൽനിന്ന് മുസ്‍ലിംകളെ ഒഴിവാക്കാത്തത് എന്തുകൊണ്ട്?’
text_fieldsന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കൃസ്ത്യാനികളെയും ഗോത്രവർഗക്കാരെയും ഏക സിവിൽ കോഡിൽനിന്ന് ഒഴിവാക്കാമെന്ന് പറയുന്ന കേന്ദ്ര സർക്കാർ, എന്തുകൊണ്ടാണ് മുസ്‍ലിംകളെ ഒഴിവാക്കാത്തതെന്ന് നിയമ കമീഷൻ ചെയർപേഴ്സൻ റിട്ട. ജസ്റ്റിസ് ഋതുരാജ് അവസ്തിയെ നേരിൽക്കണ്ട് അഖിലേന്ത്യാ മുസ്‍ലിം വ്യക്തിനിയമ ബോർഡ് പ്രതിനിധി സംഘം ചോദിച്ചു. ഇന്ത്യൻ മുസ്‍ലിംകൾക്ക് ഏക സിവിൽ കോഡ് ഒരുനിലക്കും സ്വീകാര്യമല്ലെന്നും പ്രസിഡന്റ് മൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനിയുടെ നേതൃത്വത്തിൽ ബോർഡ് പ്രതിനിധിസംഘം അവസ്തിയുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
മുസ്‍ലിം വ്യക്തിനിയമത്തെക്കുറിച്ച് കമീഷന് വല്ല അഭിപ്രായമോ ആക്ഷേപമോ ലഭിച്ചിട്ടുണ്ടോ എന്ന് ആരാഞ്ഞ പ്രതിനിധിസംഘം ഉണ്ടെങ്കിൽ അതിൽ വ്യക്തതവരുത്താൻ തങ്ങൾ തയാറാണെന്ന് ബോധിപ്പിച്ചു. തുടർന്ന് ഇസ്‍ലാമിക ശരീഅത്തിന് രണ്ട് ഭാഗങ്ങളാണുള്ളതെന്ന് ബോർഡ് നിയമ കമീഷനെ ധരിപ്പിച്ചു. ഖുർആനും പ്രവാചക ചര്യയും(സുന്നത്ത്) അടങ്ങിയതാണ് ഒന്ന്. ഇസ്‍ലാമിക പണ്ഡിതരുടെ അഭിപ്രായങ്ങളാണ് (ഇജ്തിഹാദ്) രണ്ടാമത്തേത്. ഇതിൽ ആദ്യത്തേത് ഇസ്‍ലാമിക പണ്ഡിതർക്കുപോലും മാറ്റാനാകാത്തതാണ്.
എന്നാൽ രണ്ടാമത്തേത് കാലാനുസൃതമായി മാറ്റത്തിന് വിധേയമായ നിയമങ്ങളാണ്. ഇന്ത്യൻ ഭരണഘടന മതസ്വാതന്ത്ര്യം മൗലികാവകാശമാക്കിയതിനാൽ ശരീഅത്തിന്റെ അടിസ്ഥാന സ്വഭാവത്തിൽ നേരിയ മാറ്റംപോലും മുസ്‍ലിംകൾക്ക് സ്വീകാര്യമല്ല. മുസ്‍ലിം വ്യക്തി നിയമം അസ്വീകാര്യമായവർക്ക് മതേതര നിയമമായ സ്പെഷൽ മാരേജ് ആക്റ്റ് ഉണ്ട്. അത്തരത്തിൽ വിവാഹംചെയ്തവർക്ക് ഇന്ത്യൻ പിന്തുടർച്ചാവകാശവും ബാധകമാക്കാമല്ലോ എന്നും സംഘം ചൂണ്ടിക്കാട്ടി.
ബോർഡ് അംഗവും ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ അമീറുമായ സആദത്തുല്ല ഹുസൈനി, ഡൽഹി ഫത്തേഹ്പുർ മസ്ജിദ് ഇമാം മൗലാനാ മുഫ്തി മുകർറം അഹ്മദ്, മർകസ് ജംഇയ്യത്ത് അഹ് ലേ ഹദീസ് പ്രസിഡന്റ് മൗലാനാ അസ്ഗർ ഇമാം മഹ്ദി സലഫി, വർക്കിങ് കമ്മിറ്റി അംഗങ്ങളായ പ്രഫസർ മൊനീസ ബുശ്റ, എസ്.ക്യൂ.ആർ ഇല്യാസ്, അഭിഭാഷകരായ വൈ.എച്ച്. മുച്ചാല, ഷംഷാദ്, നബീല ജമീൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.