ഉദയ്പൂർ കൊല: ജാഗ്രതയിൽ രാജസ്ഥാൻ; എ.എസ്.ഐക്ക് സസ്പെൻഷൻ
text_fieldsജയ്പുർ: തയ്യൽക്കാരനെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നാലെ സംഘർഷാവസ്ഥ നിലനിൽക്കുന്ന രാജസ്ഥാനിൽ കനത്ത ജാഗ്രത. സംസ്ഥാനത്തുടനീളം ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിച്ചു. ഒരു മാസത്തേക്ക് ആൾക്കൂട്ട പരിപാടികളെല്ലാം നിരോധിച്ചു.
ഉദയ്പൂരിൽ സുരക്ഷക്കായി ആയിരത്തിലധികം പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്. നഗരത്തിന്‍റെ പലഭാഗങ്ങളിലും കർഫ്യൂ പ്രഖ്യാപിച്ചു. നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയതിന് ധാൻ മണ്ഡി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയെ സസ്പെൻഡ് ചെയ്തു.
പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി നേതാവ് നൂപുർ ശർമയെ പിന്തുണച്ച് പോസ്റ്റിട്ടെന്ന് ആരോപിച്ചാണ് കനയ്യ ലാലിനെ തയ്യൽ കടയിൽ കയറി രണ്ടുപേർ വെട്ടിക്കൊന്നത്. ഇതിന്‍റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹ മാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കിട്ടതിന് കഴിഞ്ഞ 11ന് കനയ്യ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നതായി ക്രമസമാധാന ചുമതല വഹിക്കുന്ന എ.ഡി.ജി.പി ഹവാ സിങ് ഘൂമരിയ പറഞ്ഞു.
15നാണ് ഇദ്ദേഹം ജാമ്യത്തിൽ ഇറങ്ങിയത്. ഇതിനിടെ തനിക്ക് പലതവണ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി കനയ്യ ലാൽ പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് ഇദ്ദേഹത്തെയും വിവിധ സമുദായ നേതാക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പ്രശ്നം പരിഹരിച്ചതായും പറയുന്നു. എന്നാൽ, കനയ്യ ലാലിന്‍റെ പരാതി ഗൗരവത്തിലെടുക്കാത്തതിനാണ് എ.എസ്.ഐയെ സസ്പെൻഡ് ചെയ്തതെന്ന് എ.ഡി.ജി.പി അറിയിച്ചു. വിഷയത്തിൽ ഇടപെട്ടവരെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.