'ദീപശിഖ' ആഘോഷമാക്കി ഉദ്ധവ് പക്ഷം; ഷിൻഡെ പക്ഷത്തിന് 'വാളും പരിചയും'
text_fieldsമുംബൈ: മഹാരാഷ്ട്ര ചരിത്രത്തിലാദ്യമായി സംസ്ഥാന നിയമസഭയിലേക്ക് ശിവസേനയെ എത്തിച്ച 'ദീപശിഖ' പ്രതിസന്ധി ഘട്ടത്തിൽ ചിഹ്നമായി കിട്ടിയത് ആഘോഷമാക്കി ഉദ്ധവ് താക്കറെ പക്ഷം.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ വിമത പക്ഷവും അവകാശമുന്നയിച്ചേതോടെ പാർട്ടി ഔദ്യോഗിക പേരും ചിഹ്നവും മരവിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഇരുപക്ഷത്തിനും വേറെ വേറെ ചിഹ്നങ്ങളും പേരും അനുവദിച്ചിരുന്നു. ഉദ്ധവ് പക്ഷത്തിന് ദീപശിഖ ചിഹ്നമായും 'ശിവസേന ഉദ്ധവ് ബാലെസാഹെബ് താക്കറെ' പേരായും അനുവദിച്ച കമീഷൻ ഷിൻഡെ പക്ഷത്തിന് 'വാളും പരിചയും' ചിഹ്നമായും 'ബാലസാഹെബാംചി ശിവസേന' പേരായുമാണ് അനുവദിച്ചത്.
1985ലാണ് ആദ്യമായി ശിവസേന ഛഗൻ ഭുജ്ബലിലൂടെ നിയമസഭയിലെത്തുന്നത്. അന്ന് നഗരത്തിലെ മസ്ഗാവിൽ ജയിച്ച ഭുജ്ബലിന്റെ ചിഹ്നമായിരുന്നു ദീപശിഖ. ശിവസേനയുടെ വഴിത്തിരിവായ ചിഹ്നമാണത്. 1989ലാണ് അമ്പും വില്ലും ശിവസേനയുടെ ഔദ്യോഗിക ചിഹ്നമായി അംഗീകരിക്കപ്പെടുന്നത്. അതുവരെ പല ചിഹ്നങ്ങളിലാണ് ശിവസേന മത്സരിച്ചത്. 84ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മറ്റ് ചിഹ്നങ്ങൾ ലഭ്യമല്ലാത്തതിനാൽ ബി.ജെ.പിയുടെ 'താമര' ചിഹ്നത്തിൽ മത്സരിച്ച ചരിത്രവും ശിവസേനക്കുണ്ട്.
55ൽ 40 എം.എൽ.എമാരും 18ൽ 12 എം.പിമാരുമായി ചേർന്ന് ഷിൻഡെ ശിവസേനയെ പിളർത്തിയതോടെ പ്രതിസന്ധിയിലായ ഉദ്ധവ് താക്കറെ പക്ഷത്തിന് 'ദീപശിഖ' പുത്തനുണർവ് നൽകി. ദീപശിഖയുമായി ഉദ്ധവ് പക്ഷം പ്രകടനം നടത്തി.
ഒപ്പം, ശിവസേനയുടെ കൈയിലെ ദീപശിഖയുടെ ചൂടിൽ ബി.ജെ.പി പതറുന്ന ബാൽ താക്കറെയുടെ 85ലെ കാർട്ടൂണും വ്യാപകമായി പ്രചരിക്കുന്നു. ദീപശിഖ ശിവസേനക്ക് പുതുവളർച്ച നൽകുമെന്ന്, ഇന്ന് എൻ.സി.പിയിലെ മുതിർന്ന നേതാവായ ഛഗൻ ഭുജ്ബൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.