തനിക്ക് മുഖ്യമന്ത്രിയാകാൻ നടത്തിയ പോരാട്ടമല്ല ഇതെന്ന് ഉദ്ധവ് താക്കറെ
text_fieldsമുംബൈ: രാജിവെച്ചിരുന്നില്ലെങ്കിൽ ഉദ്ധവ് താക്കറെ സർക്കാറിനെ പുനഃസ്ഥാപിച്ചേനെയെന്ന സുപ്രീംകോടതി പരാമർശത്തിൽ പ്രതികരണവുമായി ഉദ്ധവ് താക്കറെ. തനിക്ക് മുഖ്യമന്ത്രിയാകാൻ വേണ്ടി നടത്തിയ വ്യക്തിപരമായ പോരാട്ടമല്ല ഇതെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി വ്യക്തമാക്കി. ‘എന്റെ രാജി ഒരു അബദ്ധമായിരിക്കാം. പക്ഷേ, ഞാൻ കാര്യങ്ങളെ അത്തരത്തിലല്ല നോക്കിക്കാണുന്നത്. ഞാൻ പോരാടുന്നത്, ജനങ്ങൾക്ക് വേണ്ടിയാണ്, ജനാധിപത്യത്തിന് വേണ്ടിയാണ്, എന്റെ പിതാവ് ബാലസാഹെബ് താക്കറെയുടെ അണികൾക്ക് വേണ്ടിയാണ്.’ - ഉദ്ധവ് താക്കറെ മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്രയിലെ അയോഗ്യതാ തർക്കത്തിൽ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താക്കറെ. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉദ്ധവ് താക്കറെക്കൊപ്പമുണ്ടായിരുന്നു.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉൾപ്പെടെ ശിവസേന വിമതരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ ഷിൻഡെയുടെ സർക്കാറിനെ ചോദ്യം ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, രാജിവെച്ചിരുന്നില്ലെങ്കിൽ ഉദ്ധവ് സർക്കാറിനെ പുനഃസ്ഥാപിച്ചേനെ എന്ന് പറഞ്ഞിരുന്നു. വിശ്വാസവോട്ടെടുപ്പിന് മുമ്പ് ഉദ്ധവ് സർക്കാർ രാജിവെച്ചു. അതിനാൽ ഉദ്ധവ് സർക്കാറിനെ വീണ്ടും നിയോഗിക്കാനാവില്ല എന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.
ഏക്നാഥ് ഷിൻഡെ വിപ്പിനെ നിയോഗിച്ചത് നിയവിരുദ്ധമായാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിപ്പിനെ നിയോഗിക്കേണ്ടത് രാഷട്രീയ പാർട്ടി നേതാവാണ്. 2019ൽ ശിവസേന നേതാവായി ഉദ്ധവ് താക്കറെയെ ഏകകണ്ഠമായാണ് നിയമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
ശിവസേനയിലെ തർക്കം വിശ്വാസവോട്ടെടുപ്പിന് കാരണമാകരുതായിരുന്നുവെന്ന് പറഞ്ഞ കോടതി വിശ്വാസവോട്ടെടുപ്പ് നടത്തിയത് ചട്ടവിരുദ്ധമാണെന്നും ഗവർണർ ഭരണഘടന നൽകാത്ത അധികാരം ഉപയോഗിച്ചുവെന്നും വ്യക്തമാക്കിയിരുന്നു. സഭയിലെ വിശ്വാസ വോട്ടെടുപ്പിൽ ഗവർണർ ഭാഗഭാക്കാകരുതായിരുന്നുവെന്നും കോടതി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.