'അമിത് ഷായുടെ വെല്ലുവിളി സ്വീകരിക്കുന്നു; തീർത്തുകളയുന്നതൊന്നു കാണണം' -ഉദ്ധവ് താക്കറെ
text_fieldsമുംബൈ: 'വഞ്ചകനായ ഉദ്ധവ് താക്കറെയെ പാഠം പഠിപ്പിക്കണ'മെന്ന കേന്ദ്ര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ശിവസേന അധ്യക്ഷൻ. മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ശിവസേനയെ തറപറ്റിക്കുമെന്ന അമിത് ഷായുടെ വെല്ലുവിളി സ്വീകരിക്കുന്നു. ശിവസേനയെ തീർത്തുകളയുമെന്ന് ഭീഷണി മുഴക്കുന്ന ബി.ജെ.പിയെ നേരിടാൻ തന്നോടൊപ്പം അടിയുറച്ച ശിവസൈനികരുണ്ടെന്നും ഉദ്ധവ് പറഞ്ഞു.
ഇത് പൊരുതിക്കയറേണ്ട സമയമാണ്. അവർ (ബി.ജെ.പി) നമ്മളെ തീർത്തുകളയുമെന്ന ഉമ്മാക്കിയുമായി ഇറങ്ങിയിരിക്കുകയാണ്. പാർട്ടി എന്റെ സ്വകാര്യ സ്വത്തല്ല. കൂടെനിന്ന് ഒറ്റുകൊടുക്കുന്നവരേക്കാൾ പാർട്ടിക്കൊപ്പമുള്ള വിശ്വസ്തരുടെ കരുത്തിൽ നമ്മൾ വിജയിക്കും.
'ആര് എത്രയൊക്കെ വില പറഞ്ഞാലും വിശ്വസ്തത വിൽക്കാനാവില്ല. ഒറ്റുകാരേക്കാൾ എപ്പോഴും നല്ലത്, എണ്ണത്തിൽ കുറവാണെങ്കിലും ഒപ്പമുള്ള വിശ്വസ്തരാണ്.' -വഞ്ചകനായ ഉദ്ധവ് താക്കറെയെ തെരഞ്ഞെടുപ്പിൽ തോൽപിച്ച് കണക്കുതീർക്കുമെന്ന അമിത് ഷായുടെ പ്രസ്താവന ചൂണ്ടിക്കാട്ടി പാർട്ടി നേതാക്കളുടെ യോഗത്തിൽ ഉദ്ധവ് പറഞ്ഞു.
പാർട്ടി വിട്ടുപോയി ബി.ജെ.പിക്കൊപ്പം ചേർന്ന ഏക്നാഥ് ഷിൻഡെയെയും കൂട്ടരെയും ഉദ്ധവ് കടന്നാക്രമിച്ചു. 'മുഖ്യമന്ത്രി പദവിയും എന്റെ സ്വകാര്യ സ്വത്തായിരുന്നില്ല. അവർക്ക് മുഖ്യമന്ത്രിപദം വേണമെങ്കിൽ ഞാൻ അപ്പോൾ തന്നെ സ്ഥാനമൊഴിയുമായിരുന്നു. 30-40 എം.എൽ.എമാരെ കൂടെ നിർത്താനും എനിക്ക് കഴിയുമായിരുന്നു. മമത ബാനർജിയെ എനിക്ക് നന്നായറിയാം. എം.എൽ.എമാരെ എനിക്ക് ബംഗാളിലേക്ക് കൊണ്ടുപോയാൽ മതിയായിരുന്നു. അല്ലെങ്കിൽ രാജസ്ഥാനിലേക്ക് കൊണ്ടുപോയാൽ മതിയായിരുന്നു. എന്നാൽ, അതെന്റെ രീതിയല്ല. ഞാനവരോട് പറഞ്ഞത്, വാതിലുകൾ മലർക്കെ തുറന്നുകിടക്കുന്നുവെന്നാണ്. പാർട്ടിയിൽ നിൽക്കുന്നുവെങ്കിൽ വിശ്വസ്തതയോടെ നിലയുറപ്പിക്കുക. അല്ലെങ്കിൽ വിട്ടുപോകാം എന്നാണ് പറഞ്ഞത്'- ഉദ്ധവ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.