മഹാരാഷ്ട്രയിൽ പുതിയ സഖ്യവുമായി ഉദ്ധവ് താക്കറെ
text_fieldsമുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പുതിയ സഖ്യവുമായി രംഗത്ത്. പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജൻ അഘാഡിയുമായാണ് ഉദ്ധവ് കൈകോർത്തത്. മുബൈ തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് താക്കറെയുടെ പുതിയ നീക്കം. ശിവസേനയിലെ പിളർപ്പിന് ശേഷമുണ്ടാകുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പാണ്.
ഇന്ത്യൻ ഭരണഘടനാ ശിൽപ്പി ഭീം റാവു അംബേദ്ക്കറിന്റെ പൗത്രൻ പ്രകാശ് അംബേദ്കറുമായി രണ്ടു മാസത്തിലേറെയായി ചർച്ചയിലായിരുന്നു ഉദ്ധവ് താക്കറെ. ‘23 ജനുവരി ബാലസാഹെബ് താക്കറെയുടെ ജന്മവാർഷികമാണ്. മഹാരാഷ്ട്രയിലെ നിരവധി പേർ ഞങ്ങൾ ഒരുമിച്ച് വരണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നതിൽ ഞാൻ സന്തുഷ്ടനാണ്. പ്രകാശ് അംബേദ്കറും ഞാനും സഖ്യം രൂപീകരിക്കാനാണ് ഇവിടെ ഒരുമിച്ചെത്തിയിരിക്കുന്നത്. എന്റെ മുത്തച്ഛനും പ്രകാശിന്റെ മുത്തച്ഛനും സഹപ്രവർത്തകരും സാമൂഹിക പ്രശ്നങ്ങൾക്ക് പോരാടിയവരുമാണ്. താക്കറെക്കും അംബേദ്കറിനും ചരിത്രമുണ്ട്. ഇപ്പോൾ അവരുടെ പുതു തലമുറ രാജ്യത്തെ നിലവിലെ പ്രശ്നങ്ങൾക്കെതിരെ പോരാടുകയാണ്’ - ഉദ്ധവ് വ്യക്തമാക്കി.
ഈ സഖ്യം രാജ്യത്ത് പുതിയ രാഷ്ട്രീയത്തിന്റെ തുടക്കമാണെന്ന് പ്രകാശ് അംബേദ്കർ പറഞ്ഞു. ‘ഞങ്ങൾ സാമൂഹിക പ്രശ്നങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാറുണ്ട്. അത്തരം വിഷയങ്ങളിൽ ഞങ്ങൾ വിജയിക്കുന്നുവോ ഇല്ലയോ എന്നത് വോട്ടർമാരുടെ കൈകളിലാണ്. പക്ഷേ, ഇത്തരം ആളുകൾക്ക് മത്സരിക്കാൻ സീറ്റ് നൽകുക എന്നത് രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തമാണ് -അദ്ദേഹം പറഞ്ഞു.
അതേസമയം, ഉദ്ധവ് താക്കറെയുടെ സഖ്യ കക്ഷികളായ കോൺഗ്രസും ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും സഖ്യപ്രഖ്യാപനത്തിൽ ഉണ്ടായിരുന്നില്ല. സഖ്യ പ്രശ്നത്തിൽ ഇടപെടാൻ താത്പര്യമില്ലെന്ന് ശരദ് പവാർ പറഞ്ഞു.
അതേസമയം, സഖ്യത്തെ കോൺഗ്രസ് അംഗീകരിക്കില്ലെന്ന് രപകാശ് അംബേദ്കർ പറഞ്ഞു. നിലവിൽ ഞങ്ങൾ രണ്ട് സംഘങ്ങളാണുള്ളത്. കോൺഗ്രസ് ഈ സംഖ്യത്തെ അംഗീകരിക്കില്ല. എന്നാൽ ശരദ് പവാർ സഖ്യത്തിൽ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.