'ഹിന്ദുത്വ' ഉപേക്ഷിക്കാൻ മനസ്സില്ല, വോട്ടർമാരെ പാട്ടിലാക്കാൻ ഉദ്ധവ് താക്കറെ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷമായ ബി.ജെ.പി നേരിടാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വലതുപക്ഷ നേതവായ ഉദ്ധവ് അടുത്തിടെയായി മതേതരവാദിയായിരിക്കുന്നുവെന്നായിരുന്നു ബി.ജെ.പിയുടെ ആക്ഷേപം. ഹിന്ദുത്വ പ്രീണന നയങ്ങൾ പ്രഖ്യാപിച്ചുകൊണ്ടാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഇതിന് മറുപടി പറയുന്നത്.
മറാത്ത ക്വാട്ട വിഷയവും പോലുള്ള നിരവധി വികാരപരമായ വിഷയങ്ങൾ ശിവസേന തെരഞ്ഞെടുപ്പിൽ പ്രചരണ ആയുധമാക്കും. മറാത്ത ദേശവാദികളെ തെരഞ്ഞെടുപ്പിൽ ശിവസേനയോട് അടുപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. പ്രാചീന ക്ഷേത്രങ്ങൾ സംരക്ഷിക്കാനായി പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്നും ഉദ്ധവ് പ്രഖ്യാപിച്ചു.
പാരമ്പര്യവും പുരാതന സംസ്ക്കാരവും സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ക്ഷേത്രങ്ങൾ സംരക്ഷിക്കാനായി ഫണ്ട് രൂപീകരിക്കുന്നത്. പ്രതിപക്ഷത്തിന് ഇതോടെ തങ്ങൾ ഹിന്ദുത്വ ഉപേക്ഷിച്ചിട്ടില്ല എന്ന് മനസ്സിലായില്ലേ എന്നും ഉദ്ധവ് ചോദിച്ചു.
കൊറോണ മഹാമാരിയെതുടർന്ന് അടച്ചിട്ട ആരാധനാലയങ്ങൾ തുറക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഗവർണർ ഭഗത് സിങ് കോഷിയാരിയും തമ്മിൽ വാഗ് യുദ്ധം തന്നെ നടന്നിരുന്നു. മുഖ്യമന്ത്രി മതേതരനായോ എന്ന് കോഷിയാരി പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. തനിക്ക് ആരുടേയും ഹിന്ദുത്വ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിയും ഗവർണർക്കെതിരെ ആഞ്ഞടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.