മോദിയുടെയും അമിത് ഷായുടെയും ബാഗുകൾ പരിശോധിക്കുമോ? തെരഞ്ഞെടുപ്പ് റാലിക്ക് മുമ്പ് തന്റെ ബാഗ് പരിശോധിച്ചതിൽ ഉദ്ധവ് താക്കറെ
text_fieldsമുംബൈ: യവത്മാൽ ജില്ലയിൽ പ്രചാരണത്തിനെത്തിയപ്പോൾ സർക്കാർ അധികൃതർ തന്റെ ബാഗ് പരിശോധിച്ചുവെന്ന് ശിവസേന(യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെ. വാനിയിൽ പാർട്ടി സ്ഥാനാർഥിയായ സഞ്ജയ് ദെർകാറിന്റെ പ്രചാരണത്തിന് എത്തിയപ്പോഴാണ് താക്കറെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുപോലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും ബാഗുകൾ പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ അധികൃതർ തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.
വാനിയിൽ ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങിയപ്പോഴാണ് അധികൃതർ ബാഗ് പരിശോധിച്ചത്. ഉടൻ തന്നെ പരിശോധിക്കാനെത്തിയവരുടെ തിരിച്ചറിയൽ കാർഡ് കാണിക്കണമെന്ന് താക്കറെ ആവശ്യപ്പെട്ടു. സംഭവത്തിൽ തനിക്ക് അസ്വസ്ഥതയില്ലെന്നും തെരഞ്ഞെടുപ്പ് കമീഷൻ അധികൃതർ അവരുടെ ജോലിയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ തന്റെ ബാഗ് പരിശോധിച്ചതുപോലെ മോദിയുടെയും അമിത് ഷായുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെയും അജിത് പവാറിന്റെയും ഫഡ്നാവിന്റെയും ബാഗുകൾ പരിശോധിക്കാൻ അധികൃതർ തയാറാകുമോയെന്നും താക്കറെ ചോദിച്ചു. ഇത്തരത്തിലുള്ള ഉപയോഗമില്ലാത്ത പല കാര്യങ്ങളും നടക്കുന്നുണ്ട്. ഇത് ജനാധിപത്യപരമാണെന്ന് പറയാൻ പറ്റുന്നില്ല. -താക്കറെ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് ഏക്നാഥ് ഷിൻഡെയുടെ ബാഗും സമാന രീതിയിൽ പരിശോധിച്ചിരുന്നു. മുഖ്യമന്ത്രി ബാഗിൽ പണവുമായി ഹെലികോപ്റ്ററിൽ പ്രചാരണ സ്ഥലങ്ങളിലേക്ക് പോവുകയാണെന്ന ശിവസേന എം.പി സഞ്ജയ് റാവുത്തിന്റെ ആരോപണത്തിനു പിന്നാലെയായിരുന്നു പരിശോധന. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ബാഗിൽ തന്റെ വസ്ത്രങ്ങളാണെന്നാണ് ഷിൻഡെ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.