പിന്തുണക്കുന്ന എം.എൽ.എമാരുടെ യോഗം വിളിച്ച് ഉദ്ധവ്; വിമത എം.എൽ.എമാരെ അയോഗ്യരാക്കാൻ ഹരജി
text_fieldsമുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ മഹാരാഷ്ട്രയിൽ സർക്കാരിനെ പിന്തുണക്കുന്ന എം.എൽ.എമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഉദ്ധവിന്റെ സ്വന്തം വസതിയായ മാതോശ്രീയിൽ 11മണിക്കാണ് യോഗം.
മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയാറാണെന്നും ഔദ്യോഗിക വസതി ഒഴിയുകയാണെന്നും ഉദ്ധവ് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. അതിനിടെ വിമത എം.എൽ.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി നൽകി. കോൺഗ്രസ് നേതാവ് ജയ താക്കൂറാണ് ഹരജി നൽകിയത്. വിമത എം.എൽ.എമാർ ഗുവാഹത്തിയിൽ ഉടൻ യോഗം ചേരാൻ തീരുമാനിച്ചിരിക്കയാണ്.
മൂന്ന് എം.എൽ.എമാർ കൂടി വിമതപക്ഷത്തെത്തിയിട്ടുണ്ട്. ഇതോടെ 44 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് വിമതർ അവകാശപ്പെടുന്നത്. 55 ശിവസേന എം.എൽ.എമാരിൽ 34 പേരുടെ പിന്തുണയുണ്ടെന്നാണ് ശിവസേന മന്ത്രിയും നേതാവുമായ ഏക് നാഥ് ഷിൻഡെയുടെ അവകാശവാദം. എം.എൽ.എമാർക്ക് പിന്നാലെ പാർട്ടി എം.പിമാരും ഏക് നാഥ് ഷിൻഡെയുമായി ആശയ വിനിമയം നടത്തുന്നതായാണ് സൂചന.
താനെ എം.പി രാജൻ വിചാരെയും കല്യാൺ എം.പിയും ഷിൻഡെയുടെ മകനുമായ ശ്രീകാന്ത് ഷിൻഡെയും വിമതപക്ഷത്തുണ്ട്. ഏക്നാഥ് ഷിൻഡെ ഉടൻ മാധ്യമങ്ങളെ കണ്ടേക്കുമെന്ന സൂചനയും വരുന്നുണ്ട്. ഉദ്ധവിന്‍റെ വീഡിയോ സന്ദേശത്തിന് മറുപടിയുമായി ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ഷിൻഡെ എത്തിയേക്കുമെന്നാണ് വിവരം. ഗുവാഹട്ടിയിലെ പഞ്ച നക്ഷത്ര ഹോട്ടലിന് 24 മണിക്കൂറും കേന്ദ്ര - സംസ്ഥാന സേനകളുടെ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.