സവർക്കറിൽ ഉടക്കി കോൺഗ്രസ്–ഉദ്ധവ് ബന്ധം ഉലയുന്നു
text_fieldsമുംബൈ: രാഹുൽ ഗാന്ധിയുടെ സവർക്കർ വിമർശനത്തിൽ തട്ടി ശിവസേന (യു.ബി.ടി)-കോൺഗ്രസ് ബന്ധം ഉലയുന്നു. ഞായറാഴ്ച രാത്രി മാലേഗാവിൽ നടന്ന റാലിയിൽ രാഹുലിന്റെ സവർക്കർ പരാമർശങ്ങളെ വിമർശിച്ച പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ കോൺഗ്രസിന് താക്കീത് നൽകുകയും ചെയ്തു. സവർക്കർ തങ്ങൾക്ക് ദൈവതുല്യനാണെന്നും അദ്ദേഹത്തെ അപമാനിക്കുന്നവരോട് പൊറുക്കാൻ കഴിയില്ലെന്നും ഉദ്ധവ് പറഞ്ഞു. മാപ്പുപറയാൻ താൻ സവർക്കറല്ലെന്ന് രാഹുൽ ആവർത്തിക്കുന്നതാണ് ഉദ്ധവ് പക്ഷത്തെ ചൊടിപ്പിച്ചത്.
രാഹുലിന്റെ പ്രസ്താവന ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനയും ബി.ജെ.പിയും ഉദ്ധവ് പക്ഷത്തിനെതിരെ ആയുധമാക്കുന്നു. ഇതോടെ കുരുക്കിലായ ഉദ്ധവ് പക്ഷം രാഹുലിനെതിരെ പരസ്യപ്രസ്താവനക്ക് സമ്മർദത്തിലായി. വിമത നേതാവും മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്രയിൽ ‘സവർക്കർ ഗൗരവ് യാത്ര’ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ബി.ജെ.പി രാഹുലിനെ പ്രകോപിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും നിലവിലെ രാഷ്ട്രീയ അവസ്ഥ കണക്കിലെടുത്ത് രാഹുൽ സംയമനം പാലിക്കണമെന്നും ഉദ്ധവ് പക്ഷം പറയുന്നു.
രാഹുൽ ഗാന്ധി: അടിയന്തര പ്രമേയ നോട്ടീസ് തള്ളി
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയം മറ്റു വിഷയങ്ങൾ മാറ്റിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി നൽകിയ അടിയന്തര പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കർ തള്ളി. പാർലമെന്റിൽ ഭരണപക്ഷത്തിന്റെ വീഴ്ചകളെ ചൂണ്ടിക്കാട്ടുന്ന രാഹുൽ ഗാന്ധിയെ പ്രതികാര ബുദ്ധിയോടെ അയോഗ്യനാക്കാൻ അധികാര ദുർവിനിയോഗം നടത്തിയത് ജനാധിപത്യ ധ്വംസനമാണെന്നും ഇത് ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ഹൈബി നോട്ടീസിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.