സഖ്യ സാധ്യതതേടി പ്രകാശ് അംബേദ്കർ –ഉദ്ധവ് ചർച്ച
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ പക്ഷ ശിവസേന, എൻ.സി.പി, കോൺഗ്രസ് കൂട്ടുകെട്ടായ മഹാവികാസ് അഗാഡി (എം.വി.എ)യുടെ ഭാഗമാകാനുള്ള ചർച്ചകൾക്ക് തുടക്കമിട്ട് വഞ്ചിത് ബഹുജൻ അഗാഡി അധ്യക്ഷൻ പ്രകാശ് അംബേദ്കർ. തിങ്കളാഴ്ച പ്രകാശ് അംബദ്കറും ഉദ്ധവ് താക്കറെയും നഗരത്തിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വെച്ച് ചർച്ച നടത്തി. ചർച്ചക്ക് പിറകെ നിയമസഭ സമ്മേളനവുമായി ബന്ധപ്പെട്ട എം.വി.എ നേതാക്കളുടെ യോഗത്തിൽ പ്രകാശ് അംബേദ്കർ വിഷയത്തിലും ചർച്ച നടന്നതായാണ് വിവരം.
നേരത്തേ ഉദ്ധവ് പക്ഷ ശിവസേനയും വഞ്ചിത് ബഹുജൻ അഗാഡിയും സഖ്യ സൂചനകൾ നൽകിയെങ്കിലും സഖ്യ ചർച്ചക്കായി പ്രകാശ് അംബേദ്കറും ഉദ്ധവും നേരിൽ കാണുന്നത് ആദ്യമാണ്. കഴിഞ്ഞ ദിവസം ബാൽതാക്കറെയുടെ പിതാവ് പ്രബോധങ്കർ താക്കറെയുടെ പേരിലുള്ള വെബ്സൈറ്റ് പ്രകാശന ചടങ്ങിൽ ഇരുവരും വേദി പങ്കിട്ടിരുന്നു. ശിവസേനയുമായി സഖ്യത്തിനാണ് പ്രകാശ് ആദ്യം ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്.
വഞ്ചിത് ബഹുജൻ അഗാഡി എം.വി.എയുടെ ഭാഗമാകുന്നതോടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ കാതലായ മാറ്റമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രകാശ് വോട്ട് ഭിന്നിപ്പിച്ചതോടെ 10 സീറ്റുകളാണ് കോൺഗ്രസ് സഖ്യത്തിന് നഷ്ടമായത്. നിയമസഭ തെരഞ്ഞെടുപ്പിൽ 30 ഓളം സീറ്റുകളും നഷ്ടമായി. അതേസമയം സീറ്റ് വിഭജന ചർച്ചകളിൽ തട്ടി പ്രകാശ് അംബേദ്കർ പിൻവാങ്ങുമോ എന്ന ശങ്കയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.