അതിർത്തി തർക്കം നിലനിൽക്കുന്ന മേഖലകളെ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിക്കണം -ഉദ്ധവ് താക്കറെ
text_fieldsനാഗ്പുര്‍: മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന മേഖലകളെ കേന്ദ്രഭരണ പ്രദേശമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു ഉദ്ധവ്. മറാത്തി ഭാഷ സംസാരിക്കുന്നവർ കൂടുതലായുള്ള ബെലഗാവി മേഖലയുമായി ബന്ധപ്പെട്ടാണ് ഇരു സംസ്ഥാനങ്ങളും തമ്മിൽ അതിർത്തി തർക്കം.
ഇത് ഭാഷയുടെയും അതിര്‍ത്തിയുടേയും പ്രശ്‌നമല്ലെന്നും മാനവികതയുടെ പ്രശ്‌നമാണെന്നും ഉദ്ധവ് പറഞ്ഞു. തലമുറകളായി അതിര്‍ത്തി ഗ്രാമങ്ങളില്‍ മറാത്തി സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ താമസിക്കുന്നുണ്ട്. അവരുടെ ജീവിതവും ഭാഷയും ജീവിതരീതിയുമെല്ലാം മറാത്തിയാണെന്നും ഉദ്ധവ് സൂചിപ്പിച്ചു. വിഷയത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ ഒരു വാക്കുപോലും പറയുന്നില്ലെന്നും വിഷയത്തില്‍ സംസ്ഥാനത്തിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നില്ലെന്നും താക്കറെ കുറ്റപ്പെടുത്തി.
അതേസമയം ഒരിഞ്ച് ഭൂമി പോലും അയല്‍ സംസ്ഥാനത്തിന് നല്‍കില്ലെന്ന നിലപാടിലാണ് കര്‍ണാടക ഭരണകൂടം. തര്‍ക്കം നിലനില്‍ക്കുന്ന ബെലഗാവി മേഖലയിലെ ശിവസേന നേതാക്കളും അനുയായികളും ലയനത്തെ പിന്തുണയ്ക്കുന്നുണ്ട്. സംസ്ഥാനങ്ങൾ തമ്മിലുള്ള അതിര്‍ത്തി തര്‍ക്ക വിഷയം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.