ജാമിഅയിലെ പൊലീസ് അതിക്രമം: ജാലിയൻവാല ബാഗിന് സമം –ഉദ്ധവ് താക്കറെ
text_fieldsമുംബൈ: ജാമിഅ മില്ലിയ്യ സർവകലാശാലയിൽ പൊലീസ് നടത്തിയ അതിക്രമത്തെ ബ്രിട്ടീഷുകാർ രാജ്യത്ത് നടത്തിയ ജാലിയൻവാല ബാഗ് കൂട്ടക്കൊലയോട് ഉപമിച്ച് ശിവസേന. നിയമസഭ സമ്മേളനത്തിനിടെ നാഗ്പുരിൽ ശിവസേന, എൻ.സി.പി, കോൺഗ്രസ് എം.എൽ.എമാരുടെ യോഗത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് പൊലീസ് വേട്ടയെ ജാലിയൻവാല ബാഗിനോട് ഉപമിച്ചത്. വിദ്യാർഥികൾ യുവ ബോംബുകളാണെന്നും അവരെ പ്രകോപിപ്പിക്കുന്നതിൽനിന്ന് കേന്ദ്രസർക്കർ വിട്ടുനിൽക്കണമെന്നും ഉദ്ധവ് വാർത്തസമ്മേളനത്തിലും പറഞ്ഞു.
രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമങ്ങൾ നടക്കുന്നതായി പറഞ്ഞ ഉദ്ധവ് അവരവരുടെ മണ്ഡലങ്ങളിൽ കുഴപ്പങ്ങളുണ്ടാകാതെ നോക്കാൻ എം.എൽ.എമാരോട് ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടയിൽ കയറി സാമൂഹികവിരുദ്ധർ നാട്ടിൽ കുഴപ്പങ്ങളുണ്ടാക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ആഭ്യന്തര മന്ത്രാലയം പൊലീസിന് നിർദേശം നൽകി. ശിവസേനയുടെ ഏക്നാഥ് ഷിണ്ഡെയാണ് ആഭ്യന്തര മന്ത്രി.
അേതസമയം, പൗരത്വനിയമം നടപ്പാക്കുമോ എന്നതിൽ ശിവസേന നയം വ്യക്തമാക്കിയിട്ടില്ല. ലോക്സഭയിൽ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത ശിവസേന രാജ്യസഭയിൽ വോട്ടിൽനിന്ന് വിട്ടു നിൽക്കുകയായിരുന്നു. സഖ്യകക്ഷിയായ എൻ.സി.പിയും കോൺഗ്രസും ബില്ല് നടപ്പാക്കരുതെന്ന നിലപാടിലാണ്. എന്നാൽ, ബില്ലിനെതിരായ ഹരജികളിൽ സുപ്രീംകോടതി തീർപ്പ് കൽപിച്ചശേഷം ആലോചിക്കാമെന്ന നയമാണ് ശിവസേന ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.