ഉദ്ധവ് താക്കറെ വഞ്ചനയുടെ ഇര, ഒറ്റുകാർക്ക് ഹിന്ദുവാകാൻ കഴിയില്ല -ശങ്കരാചാര്യ സ്വാമി
text_fieldsമുംബൈ: ബി.ജെ.പി പിന്തുണയോടെ അട്ടിമറി നടത്തി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് ഉത്തരാഖണ്ഡ് ജ്യോതിഷ് പീഠ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. ഉദ്ധവ് താക്കറെ വഞ്ചനയുടെ ഇരയാണെന്നും വഞ്ചനക്ക് നേതൃത്വം നൽകുന്നവർക്ക് ഹിന്ദുവാകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഉദ്ധവ് താക്കറെ വഞ്ചിക്കപ്പെട്ടു. നിരവധി പേർ അതിൽ വേദനിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരം ഞാൻ ഇന്ന് നേരിൽകണ്ടു. അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുന്നതുവരെ ജനങ്ങളുടെ വേദന മാറില്ല. വേണ്ടതെല്ലാം ചെയ്യുമെന്ന് ഉദ്ധവ് പറഞ്ഞിട്ടുണ്ട്. വഞ്ചനയാണ് ഏറ്റവും വലിയ പാപം. ഒറ്റുകാർക്ക് ഹിന്ദുവായിരിക്കാൻ കഴിയില്ല. അതേസമയം, വഞ്ചന സഹിക്കുന്നവൻ ഹിന്ദുവാണ്. ഉദ്ധവിന് നേരെയുള്ള വഞ്ചനയിൽ മഹാരാഷ്ട്രയിലെ മുഴുവൻ ജനങ്ങളും വേദനിക്കുന്നുണ്ട്. ഇക്കഴിഞ്ഞ (ലോക്‌സഭാ) തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിച്ചിട്ടുണ്ട്” -ഉദ്ധവ് താക്കറെയുടെ ബാന്ദ്രയിലെ വസതിയായ ‘മാതോശ്രീ’യിൽ അദ്ദേഹത്തെ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് ശങ്കരാചാര്യ പറഞ്ഞു. ‘മാതോശ്രീ’യിൽ നടന്ന പൂജാ ചടങ്ങിലും ശങ്കരാചാര്യ പങ്കെടുത്തു.
“ഞങ്ങൾക്ക് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല. എന്നാൽ മതനിയമപ്രകാരം പാപമായി കരുതുന്ന വിശ്വാസവഞ്ചനയെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്” -അദ്ദേഹം കൂട്ടിച്ചേർത്തു. ശിവസേനയിൽ ബി.ജെ.പി പിളർപ്പുണ്ടാക്കിയതിനെ തുടർന്ന് 2022 ജൂണിൽ ഉദ്ധവ് താക്കറെക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടിവന്നിരുന്നു. തുടർന്ന് ബി.ജെ.പി പിന്തുണയോടെ സർക്കാർ രൂപീകരിച്ച് ശിവസേന വിമതവിഭാഗം നേതാവ് ഏകനാഥ് ഷിൻഡെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായത്.
അതിനിടെ, മോദിയുമായി ശത്രുത ഇല്ലെന്ന് ശങ്കരാചാര്യ പറഞ്ഞു. തങ്ങളുടെ അടുക്കൽ വരുന്നവരെ അനുഗ്രഹിക്കുക എന്നത് തങ്ങളുടെ ചട്ടമാണെന്നും മോദി തന്റെ അടുത്ത് വന്ന് പ്രണമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധികാ മർച്ചന്റിന്റെറെയും വിവാഹത്തോടനുബന്ധിച്ച് ശനിയാഴ്ച മുംബൈയിൽ നടന്ന ‘ശുഭ് ആശിർവാദ്’ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശങ്കരാചാര്യരുടെ അനുഗ്രഹം തേടിയത്.
“പ്രധാനമന്ത്രി മോദി എൻ്റെ അടുത്ത് വന്ന് പ്രണമിച്ചു. നമ്മുടെ അടുക്കൽ വരുന്നവരെ അനുഗ്രഹിക്കുക എന്നത് ഞങ്ങളുടെ നിയമമാണ്. നരേന്ദ്ര മോദി ഞങ്ങളുടെ ശത്രുവല്ല. ഞങ്ങൾ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികളാണ്. എപ്പോഴും അദ്ദേഹത്തിന്റെ ക്ഷേമത്തിനായി സംസാരിക്കുന്നു. തെറ്റ് പറ്റിയാൽ അത് ചൂണ്ടിക്കാണിക്കും. അദ്ദേഹം ഞങ്ങളുടെ ശത്രുവല്ല” -ശങ്കരാചാര്യർ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച അദ്ദേഹം, ആചാരലംഘനത്തിന്റെ പേരിൽ മോദിക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.