സ്വന്തമായി ഗ്രൂപ്പുകളുണ്ടാക്കിക്കോ, ബാൽ താക്കറെയുടെ പേര് ഉപയോഗിക്കരുത്; ഷിൻഡെക്ക് മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ
text_fieldsമുംബൈ: ശിവസേന മുൻ മേധാവി ബാൽ താക്കറെയുടെ പേര് ആരും അവരുടെ ഗ്രൂപ്പിന് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ബാൽ താക്കറെയുടെ മകനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ശനിയാഴ്ച നടന്ന ശിവസേന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
മഹാരാഷ്ട്ര സർക്കാരിൽ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച് പാർട്ടിയിൽനിന്ന് വിട്ടുനിൽക്കുന്ന ഏക്നാഥ് ഷിൻഡെ ഉൾപ്പടെയുള്ള വിമത എം.എൽ.എമാർ 'ശിവസേന ബാലാസാഹബ്' എന്ന പേരിൽ പുതിയ ഗ്രൂപ്പ് ആരംഭിച്ചതിന് പിന്നാലെയാണ് ഉദ്ദവിന്‍റെ മുന്നറിയിപ്പ്. വിമത എം.എൽ.എമാർക്ക് അവർ ആഗ്രഹിക്കുന്നതെന്തും ചെയ്യാമെന്നും അവരുടെ കാര്യത്തിൽ താൻ ഇടപെടില്ലെന്നും ഉദ്ധവ് പറഞ്ഞു. അവർക്ക് സ്വന്തമായി തീരുമാനങ്ങളെടുക്കാം, പക്ഷെ ആരും ബാൽ താക്കറെയുടെ പേര് ഉപയോഗിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവിൽ അംഗമായ ഏക്നാഥ് ഷിൻഡെക്കെതിരെ നടപടിയെടുക്കാൻ ശിവസേന ഉദ്ധവ് താക്കറെയെയാണ് ചുമതലപ്പെടുത്തിയത്. ഷിൻഡെക്കൊപ്പം വിമത ക്യാമ്പിൽ തുടരുന്ന മുൻ മന്ത്രി രാംദാസ് കദമും നടപടി നേരിടേണ്ടി വരും. 16 വിമത എം.എൽ.എമാരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ശിവസേന നേരത്തെ അപേക്ഷ സമർപ്പിച്ചിരുന്നു. ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലെ തീരുമാനങ്ങൾ തെരഞ്ഞെടുപ്പ് കമീഷന് അയക്കുമെന്ന് അനിൽ ദേശായി എം.പി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.