ഉദ്ധവ് താക്കറെ രാഷ്ട്രീയത്തിൽ വഞ്ചിക്കപ്പെട്ടു, വീണ്ടും മുഖ്യമന്ത്രിയാകണം -സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി
text_fieldsമുംബൈ: ഉത്തരാഖണ്ഡ് ജ്യോതിർമഠത്തിലെ ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെയെ സന്ദർശിച്ചു. മുംബൈയിലെ വസതിയായ മാതോശ്രീയിലെത്തിയാണ് അദ്ദേഹം ഉദ്ധവിനെ കണ്ടത്. രാഷ്ട്രീയ വഞ്ചനയാണ് ഉദ്ധവ് നേരിട്ടതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രിയാകേണ്ടത് ഉദ്ധവാണെന്നും അദ്ദേഹം പറഞ്ഞു.
'ഹിന്ദു മതത്തിൽ പുണ്യവും പാപവുമുണ്ട്. വഞ്ചന ഏറ്റവും വലിയ പാപമാണ്. ഉദ്ധവ് താക്കറെ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. ഉദ്ധവ് താക്കറെ തിരികെ മുഖ്യമന്ത്രി പദത്തിലെത്തും വരെ ഈ വഞ്ചനയുടെ വേദന നിലനിൽക്കും' -അദ്ദേഹം പറഞ്ഞു.
കേദാർനാഥ് ക്ഷേത്രത്തിന്‍റെ മാതൃക ഡൽഹിയിൽ നിർമിക്കുന്നതിനെയും ശങ്കരാചാര്യർ എതിർത്തു. 12 ജ്യോതിർലിംഗങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കണം. കേദാർനാഥിൽ നിന്ന് 228 കിലോ ഗ്രാം സ്വർണം കാണാതായ സംഭവത്തിൽ ഉത്തരവാദികളെ കണ്ടെത്തണമെന്നും നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിൽ രാഷ്ട്രീയ പോര് മുറുകുന്ന സാഹചര്യത്തിലാണ് ഉദ്ധവിനെ കാണാൻ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി എത്തിയത്. നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും പല നിലപാടുകളെയും തുറന്നെതിർത്ത മതനേതാവ് കൂടിയാണ് സ്വാമി അവിമുക്തേശ്വരാനന്ദ്. ഈയടുത്ത്, രാഹുൽ ഗാന്ധിയുടെ പാർലമെന്‍റ് പ്രസംഗം ഹിന്ദുത്വവിരുദ്ധമാണെന്ന് ആരോപിച്ച് ബി.ജെ.പി വിവാദം സൃഷ്ടിച്ചപ്പോൾ രാഹുലിനെ പിന്തുണച്ച് സ്വാമി അവിമുക്തേശ്വരാനന്ദ് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.