മുംബൈയിൽ പ്രതിദിന കേസുകൾ കുറയുന്നു; ഉദ്ദവ് സർക്കാറിന്‍റെ നിയന്ത്രണം ഫലം കാണുന്നു?
text_fieldsമുംബൈ: മഹാരാഷ്ട്ര തലസ്ഥാന നഗരമായ മുംബൈയിൽ കോവിഡ് കേസുകൾ കുറയുന്നു. ശനിയാഴ്ച 5888 കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 7221 കേസുകൾ ആയിരുന്നത് 20 ശതമാനം കുറഞ്ഞിരിക്കുകയാണ്. ഏപ്രിൽ നാലിന് 11,163 പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തിടത്ത് നിന്നാണ് മൂന്നാഴ്ച കൊണ്ട് രോഗബാധയിൽ കുറവുണ്ടായത്.
സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണത്തിലും കുറവ് കാണിക്കുന്നുണ്ട്. 67, 160 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോവിഡിനെ പിടിച്ചുകെട്ടാൻ നിയന്ത്രണങ്ങൾ കർശനമാക്കിയതിന്‍റെ വിജയമാണിതെന്നാണ് സൂചന. ഉദ്ദവ് താക്കറെ സർക്കാർ സംസ്ഥാനത്ത് നടപ്പിലാക്കിയത് ലോക്ഡൗണാണെന്ന് വിശേഷിപ്പിക്കുന്നില്ലെങ്കിലും കഴിഞ്ഞ വർഷത്തെ അടച്ചുപൂട്ടലിന് സമാനമായിരുന്നു കാര്യങ്ങൾ.
മുംബൈ നഗരത്തിൽ മാത്രം 120 കണ്ടെയ്ൻമെന്റ് സോണുകളുണ്ട്. 1200 ലധികം കെട്ടിടങ്ങളാണ് സീൽ ചെയ്തിരിക്കുന്നത്. നിരോധനാജഞയും അന്തർ ജില്ല യാത്രകൾ നിരോധിക്കുകയും ഓഫീസുകളിൽ വർക്ക് ഫ്രം ഹോം സംവിധാനം നടപ്പിലാക്കുകയും ചെയ്തതോടെ ജനങ്ങൾ പുറത്തിറങ്ങാതെയായി.
ലോക്ഡൗൺ ഏർപെടുത്തുന്നതിനെതിരെ ഉദ്ദവിന് സഖ്യകക്ഷിയായ എൻ.സി.പിയിൽ നിന്ന് സ്വന്തം പാർട്ടിയായ ശിവസേനയിൽ നിന്നും കടുത്ത എതിർപ്പുകൾ നേരിടേണ്ടി വന്നെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായും കാര്യങ്ങൾ കൈവിട്ടുപോകാൻ അനുവദിച്ചതായും താക്കറെ സർക്കാരിനെതിരെ ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് വിമർശനം ഉന്നയിച്ചിരുന്നു.
ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനുപകരം ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തണമെന്നും മരണനിരക്ക് തടയണമെന്നുമായിരുന്നു മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഉപദേശിച്ചത്.
'ബ്രേക്ക് ദ ചെയിൻ' എന്ന് സർക്കാർ പേരിട്ടിരിക്കുന്ന നിയന്ത്രണങ്ങൾ മേയ് ഒന്നിന് രാവിലെ ഏഴുമണിക്കണ് അവസാനിക്കുന്നത്. അവശ്യ സേവനങ്ങൾ അല്ലാത്ത ഒന്നും പ്രവർത്തിക്കുന്നില്ല. പലചരക്ക് കടകൾ അടക്കമുള്ള അവശ്യ സേവനങ്ങൾ വരെ രാവിലെ ഏഴുമുതൽ 11മണി വരെ പ്രവർത്തിക്കാൻ പാടുള്ളൂ.
ജിമ്മുകൾ, സ്പാ, തിയറ്റർ, ആരാധനാലയങ്ങൾ, മാളുകൾ, മാർക്കറ്റുകൾ എന്നിവയെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഉപജീവനമാർഗ്ഗം പ്രധാനമാണ്, പക്ഷേ ജീവിതമാണ് കൂടുതൽ പ്രധാനമെന്നായിരുന്നു നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച വേളയിൽ ഉദ്ദവ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.