ഉദ്ധവ് താക്കറെയുടെ രാജി തങ്ങളെ സന്തോഷിപ്പിക്കുന്നില്ലെന്ന് വിമത എം.എൽ.എമാർ
text_fieldsമുംബൈ: ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ രാജി തങ്ങളെ സന്തോഷിപ്പിക്കുന്നില്ലെന്ന പരാമർശവുമായി വിമത എം.എൽ.എമാർ. രാജി തങ്ങളെ ഒരിക്കലും സന്തോഷിപ്പിക്കുന്നില്ലെന്ന് വിമത എം.എൽ.എമാരിൽ ഒരാൾ എൻ.ഡി.ടി.വിയോട് പ്രതികരിച്ചു. കോൺഗ്രസുമായും എൻ.സി.പിയുമായുമുള്ള സഖ്യം തകർന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. പാർട്ടിയിൽ സഞ്ജയ് റാവത്തിന് അമിത പ്രാധാന്യം ലഭിക്കുന്നതും സ്ഥിതി ഗുരുതരമാക്കിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഞങ്ങൾ ചൂണ്ടിക്കാട്ടിയ വിഷയങ്ങൾ ഉദ്ധവ് താക്കറെ പരിഗണിച്ചില്ലെന്ന് വിമത എം.എൽ.എമാരിൽ ഒരാൾ പ്രതികരിച്ചു. സഞ്ജയ് റാവത്തിന്റെ കേന്ദ്രസർക്കാറിനെതിരായ പ്രസ്താവനകൾ കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ വഷളാക്കുന്നതിന് കാരണമായെന്നും ശിവസേന വിമത എം.എൽ.എമാർ പ്രതികരിച്ചു. ഇക്കാര്യത്തിലും എം.എൽ.എമാർക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന.
എം.എൽ.എമാരിൽ ഭൂരിപക്ഷവും ഏക്നാഥ് ഷിൻഡെക്കൊപ്പം പോയതോടെയാണ് ശിവസേന സർക്കാർ രാജിവെച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഉദ്ദവ് താക്കറെ രാജി പ്രഖ്യാപിച്ചത്. മകൻ ആദിത്യ താക്കറെയോടൊപ്പം മുംബൈ രാജ്ഭവനിലെത്തിയാണ് ഉദ്ധവ് താക്കറെ രാജി സമർപ്പിച്ചത്.
സ്വതന്ത്രരും ചെറുപാർട്ടികളും ഉൾപ്പെടെ 169 പേരുടെ പിന്തുണയിൽ നിലവിൽവന്ന ഉദ്ധവ് സർക്കാറിന്റെ അംഗബലം വിമതനീക്കത്തോടെ 111ലേക്ക് താണിരുന്നു. 145 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സ്വതന്ത്രരടക്കം 50 പേരാണ് വിമതപക്ഷത്തുള്ളത്. നിലവിൽ സ്വതന്ത്രരടക്കം 114 പേരാണ് ബി.ജെ.പിയുടെ അംഗബലം. വിമതരും എം.എൻ.എസും പിന്തുണക്കുന്നതോടെ അത് 165 ആയി ഉയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.