തങ്ങളുടെ പൂർവ വിദ്യാർഥി പ്രധാനമന്ത്രിയായതിൽ കോളജിന് അഭിമാനം തോന്നുന്നില്ലേ? -മോദിയുടെ ബിരുദത്തിൽ പരിഹാസവുമായി ഉദ്ധവ് താക്കറെ
text_fieldsമുംബൈ: പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് രൂക്ഷ പരിഹാസവുമായി ശിവസേന മേധാവി ഉദ്ധവ് താക്കറെ. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിച്ചതിന് ഗുജറാത്ത് കോടതി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 25,000 രൂപ പിഴയീടാക്കിയതിന് പിന്നാലെയാണ് ഉദ്ധവിന്റെ പരിഹാസം.
ബിരുദമുള്ള നിരവധി യുവാക്കൾ ജോലിയില്ലാതെ കഴിയുന്നുണ്ട്. പ്രധാനമന്ത്രിയോട് ബിരുദവിവരങ്ങൾ ചോദിക്കുമ്പോൾ 25,000 രൂപ പിഴയീടാക്കുന്നു. പ്രധാനമന്ത്രി പഠിച്ച കോളജ് എന്ന നിലയിൽ ഈ കോളജിന് അഭിമാനം തോന്നുന്നില്ലേ? - ഉദ്ധവ് താക്കറെ ചോദിച്ചു.
ബിരുദം പ്രധാനമന്ത്രി എന്ന പദവി നിർവ്വഹിക്കാൻ നിർബന്ധമുള്ളതല്ലെന്നായിരുന്നു മോദിയുടെ ബിരുദ വിവരങ്ങൾ ചോദിച്ചതിന് കെജ്രിവാളിന് ലഭിച്ച മറുപടി. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ വിവരങ്ങൾ പൊതു മധ്യത്തിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
മുഖ്യമന്ത്രിയാകാൻ വേണ്ടിയാണ് ആശയപരമായി ഭിന്നതയുള്ള കോൺഗ്രസും എൻ.സി.പിയുമായി സഖ്യം ചേർന്നതെന്ന ആരോപണത്തോടും ഉദ്ധവ് താക്കറെ പ്രതികരിച്ചു. ‘അതെ, ഞങ്ങൾ അധികാരത്തിൽ എത്താൻ വേണ്ടി തന്നെയാണ് ഒന്നിച്ചു ചേർന്നത്. എന്നാൽ അധികാരം നഷ്ടമായിട്ടും കൂടുതൽ ശക്തമായി തന്നെ ഒരുമിച്ച് നിൽക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് എപ്പോഴെല്ലാം വരുന്നുണ്ടോ, അപ്പോഴൊക്കെ അവർ ജനങ്ങളെ ഭിന്നിപ്പിച്ചിട്ടുണ്ട്. ഭരണഘടനയെ അടിസ്ഥാനമാക്കി സത്യപ്രതിജ്ഞ ചെയ്തവർ, ജനങ്ങളെ ഭിന്നിപ്പിക്കുന്നത് ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണ്.’ -താക്കറെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.