സവർക്കർ ഞങ്ങളുടെ ദൈവം, അപമാനിക്കുന്നത് സഹിക്കില്ലെന്ന് രാഹുലിനോട് ഉദ്ദവ് താക്കറെ
text_fieldsമാപ്പ് പറയാൻ താൻ സവർക്കറല്ല, ഗാന്ധിയാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ശിവസേന നേതാവ് ഉദ്ദവ് താക്കറെ രംഗത്ത്. സവർക്കർ തങ്ങളുടെ ദൈവമാണെന്നും സഖ്യത്തിന് വിള്ളലുണ്ടാക്കുന്ന ഇത്തരം പ്രസ്താവനകളിൽനിന്ന് രാഹുൽ പിൻമാറണമെന്നും ഉദ്ദവ് ആവശ്യപ്പെട്ടു. ഹിന്ദുത്വ ആശയത്തിന്‍റെ മുഖ്യശിൽപി വി.ഡി സവർക്കർ ആണെന്നും അദ്ദേഹത്തെ അപമാനിക്കുന്നതിൽനിന്നും രാഹുൽ വിട്ടുനിൽക്കണമെന്നും ഉദ്ദവ് ആവശ്യപ്പെട്ടു.
"ആൻഡമാൻ സെല്ലുലാർ ജയിലിൽ സവർക്കർ 14 വർഷം അനുഭവിച്ചറിഞ്ഞത് സങ്കൽപ്പിക്കാനാവാത്ത പീഡനമാണ്. നമുക്ക് കഷ്ടപ്പാടുകൾ വായിക്കാനേ കഴിയൂ. അതൊരു ത്യാഗമാണ്. സവർക്കറെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ല" -ഉദ്ധവ് താക്കറെ പറഞ്ഞു.
രാഹുൽ ഗാന്ധി സവർക്കറെ താഴ്ത്തിക്കെട്ടുന്നത് തുടർന്നാൽ പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. "വീർ സവർക്കർ ഞങ്ങളുടെ ദൈവമാണ്. അദ്ദേഹത്തോടുള്ള അനാദരവ് വെച്ചുപൊറുപ്പിക്കില്ല. ഞങ്ങൾ പോരാടാൻ തയ്യാറാണ്. പക്ഷേ ഞങ്ങളുടെ ദൈവങ്ങളെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ല" -ശിവസേന (യു.ബി.ടി) മേധാവി പറഞ്ഞു.
"ഉദ്ധവ് വിഭാഗത്തിന്റെയും കോൺഗ്രസിന്റെയും എൻ.സി.പിയുടെയും സഖ്യം ഉണ്ടാക്കിയത് ജനാധിപത്യം സംരക്ഷിക്കുന്നതിനാണ്. ഞങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. രാഹുൽ ഗാന്ധിയെ ബോധപൂർവം പ്രകോപിപ്പിക്കുകയാണ്. എന്നാൽ ഇതിൽ സമയം കളയുകയാണെങ്കിൽ ജനാധിപത്യം ഇല്ലാതാകും" -ഉദ്ദവ് താക്കറെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.