നാസിക്കിൽ ഉദ്ധവ് vs ഷിൻഡെ
text_fieldsനാസിക് (മഹാരാഷ്ട്ര): സവാള കർഷകരുടെ രോഷം മാത്രമല്ല; സംവരണത്തെ ചൊല്ലിയുള്ള മറാത്ത-ഒ.ബി.സി പോരും നാസിക് ലോക്സഭ മണ്ഡലത്തിന്റെ വിധിയെഴുത്തിൽ നിർണായകമാണ്. ഷിൻഡെ പക്ഷ ശിവസേനയും ഉദ്ധവ് പക്ഷ ശിവസേനയും മുഖാമുഖം പൊരുതുന്ന സീറ്റുകളിൽ ഒന്നാണിത്.
ഹാട്രിക് ജയത്തിന് വോട്ട് തേടുന്ന സിറ്റിങ് എം.പി ഹേമന്ത് ഗോഡ്സേയാണ് ഷിൻഡെ പക്ഷ സ്ഥാനാർഥി. മുൻ എം.എൽ.എ രാജഭാഹു വാജേയാണ് മറുഭാഗത്തും. 2014 ലും 2019 ലും ഹേമന്ത് ഗോഡ്‌സേയുടെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ചവരിൽ പ്രമുഖനായിരുന്നു രാജഭാഹു. എൻ.
ഡി.എ സഖ്യകക്ഷികൾക്കിടയിലെ സീറ്റ് തർക്കം കാരണം അവസാന നിമിഷമാണ് ഹേമന്ത് ഗോഡ്സേയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. അതിനും ഒരു മാസം മുമ്പേ രാജഭാഹു തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരുന്നു. അജിത് പവാർ പക്ഷ എൻ.സി.പി സീറ്റിനായി വാശി പിടിച്ചതാണ് ഹേമന്ത് ഗോഡ്സേയുടെ സ്ഥാനാർഥിത്വം വൈകിയത്. അജിത്ത് പക്ഷത്തെ പ്രമുഖ ഒ.ബി.സി നേതാവായ ഛഗൻ ഭുജ്ബലിനെ മത്സരിപ്പിക്കാനായിരുന്നു നീക്കം.
ബി.ജെ.പി ആയിരുന്നു ഇതിന് പിന്നിൽ. എന്നാൽ ഷിൻഡെ പക്ഷം ശക്തിയുക്തം എതിർത്തു. മറാത്തകൾക്ക് ഒ.ബി.സി സംവരണം നൽകാനുള്ള മുഖ്യമന്ത്രി ഷിൻഡെയുടെ നീക്കത്തെ ബി.ജെ.പി അട്ടിമറിച്ചത് ഭുജ്ബലിലൂടെയാണ്. സീറ്റ് വിഭജന ചർച്ച സമവായത്തിലെത്താത്തതോടെ ഒടുവിൽ ഭുജ്ബൽ പിന്മാറുകയായിരുന്നു.
നാലുലക്ഷത്തോളം മറാത്തുകളും മൂന്ന് ലക്ഷത്തിനടുത്ത് ഒ.ബി.സി വിഭാഗക്കാരും നാസിക് മണ്ഡലത്തിലുണ്ടെന്നാണ് കണക്ക്. എന്നാൽ, നാസിക്കിലെ ഒ.ബി.സിയിൽപെട്ട വഞ്ചാരികൾ ഭുജ്ബലിന് അനുകൂലമല്ല. ശരദ് പവാറിനോട് കൂറുപുലർത്തുന്ന അവർ ഉദ്ധവ് പക്ഷത്തിനാവും വോട്ട് ചെയ്യുക. ഷിൻഡെ പക്ഷ സ്ഥാനാർഥി ഗോഡ്സെയും ഉദ്ധവ് പക്ഷ സ്ഥാനാർഥി വാജേയും മറാത്തകളാണ്.
മറാത്ത വിഭാഗത്തിൽപെട്ട നാസിക്കിലെ ആത്മീയ നേതാവ് ശാന്തിഗിരി മഹാരാജ് സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. എൻ.ഡി.എ ടിക്കറ്റിൽ മത്സരിക്കാൻ അവസരം കിട്ടാത്തതിനെതുടർന്നാണ് ഇദ്ദേഹം സ്വതന്ത്രനായി മത്സരിക്കുന്നത്. എന്റെ അനുയായികളുടെതായി നാലുലക്ഷം വോട്ടുകളുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. എന്നാൽ, അരലക്ഷത്തിലേറെ വോട്ട് പിടിക്കാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. ഹേമന്ത് ഗോഡ്‌സേയുടെ വോട്ടിലാണ് വിള്ളൽ വീഴുക.
മറാത്തകളെ പേടിച്ച് ഹേമന്ത് ഗോഡ്സേ അജിത് പക്ഷ എൻ.സി.പിയോട് പ്രത്യേകിച്ച് ഭുജ്ബലിനോട് പ്രത്യക്ഷത്തിൽ അകലം പാലിക്കുന്നു. ഭുജ്ബലിന്റെ അണികൾ ഉദ്ധവ് പക്ഷ സ്ഥാനാർഥി രാജഭാഹു വാജേയോട് അനുഭാവം കാണിക്കുന്നതായി ഷിൻഡെ പക്ഷം ആരോപിക്കുന്നു.
2.5 ലക്ഷം വരുന്ന ദലിത്, രണ്ടു ലക്ഷത്തോളം വരുന്ന മുസ്‍ലിം വോട്ടുകൾ നിർണായകമാണെന്നാണ് വിലയിരുത്തൽ. പ്രകാശ് അംബേദ്കറുടെ വി.ബി.എ ഉണ്ടെങ്കിലും ദലിത് വോട്ടുകൾ ഗോഡ്‌സേക്കും വാജേക്കുമിടയിൽ വിഭജിക്കും. മുസ്‍ലിം വോട്ടുകൾ ഉദ്ധവ് പക്ഷത്തിനു ലഭിച്ചേക്കും.
ജാതി സമുദായ കണക്കുകൾക്കപ്പുറം സവാള കർഷകരാണ് മറ്റൊരു മുഖ്യവിഷയം. സവാള കയറ്റുമതി നിരോധനം പിൻവലിച്ചെങ്കിലും കഴിഞ്ഞ ഒമ്പതുമാസമായ് അനുഭവിച്ച ദുരിതം കർഷകർ മറന്നിട്ടില്ല. തൊഴിലില്ലായ്മയാണ് മറ്റൊരു വിഷയം. ഐ.ടി ഹബ്ബ് എന്ന സ്വപ്നം ഇനിയും ബാക്കിയാണ്.
ഐ.ടി മേഖലയിൽ തൊഴിലാന്വേഷിച്ച് യുവാക്കൾ മുംബൈയിലേക്കും പുണെയിലേക്കും കുടിയേറുന്നു. ഇതെല്ലാം ഉദ്ധവ് പക്ഷത്തെ രാജഭാഹു വാജേക്ക് സാധ്യതകൾ കൂട്ടുന്നതായി മറാത്തി പത്രപ്രവർത്തകൻ പ്രമോദ് ജിൻജുൻവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പ്രചാരണത്തിന് എത്തുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് ഷിൻഡെ പക്ഷം. എൻ.ഡി.എ സഖ്യകക്ഷികളായ ബി.ജെ.പി, ഷിൻഡെ പക്ഷ ശിവസേന, അജിത് പക്ഷ എൻ.സി.പി എന്നിവർ തമ്മിലെ ഐക്യം എത്രത്തോളമെന്ന വിധിയെഴുത്തുകൂടിയാകും നാസിക്കിലേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.