'ഓർത്തുവെച്ചോളൂ...സമയം മാറിവരും, തിരിച്ചടി കയ്പേറിയതായിരിക്കും'-ബി.ജെ.പിയോട് ഉദ്ധവ്
text_fieldsമുംബൈ : പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾക്കെതിരെ ബി.ജെ.പിക്ക് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. ഭാവിയിൽ ഇത് ബൂമറാങ്ങ് പോലെ നിങ്ങൾക്ക് തന്നെ തിരിച്ചടിയാകും.
മറ്റുള്ളവർ അൽപം ക്ഷീണിച്ചെന്നു കരുതി അത്ര അഹങ്കരിക്കുന്നത് നന്നല്ല. തിരിച്ചടി കയ്പേറിയതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതാവ് സഞ്ജയ് റാവുത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് മുൻ മുഖ്യമന്ത്രിയുടെ പ്രതികരണം.
ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിങ്കളാഴ്ച റാവുത്തിന്റെ കുടുംബത്തെ കണ്ട താക്കറെ പിന്നീട് കലാനഗറിലെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായായിരുന്നു. കോൺഗ്രസിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരത്തിലെത്തിയ ഭാരതീയ ജനതാ പാർട്ടി അധികാരത്തിന്റെ ലഹരിയിൽ മയങ്ങരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
'അധികാരത്താൽ മത്തുപിടിച്ചവരോട് എനിക്ക് പറയാനുള്ളതിതാണ്- ക്രൂരത കാണിക്കരുത്. സമയം എല്ലാവർക്കും മാറിക്കൊണ്ടിരിക്കും. നിങ്ങൾ മറ്റുള്ളവരോട് ചെയ്യുന്ന എല്ലാ തിന്മകളും നിങ്ങൾക്ക് തിരികെ ലഭിക്കും. നിങ്ങളിലേക്ക് മടങ്ങിവരുമ്പോൾ അത് കഠിനവും കൂടുതൽ ക്രൂരവുമായിരിക്കും. ഇന്ത്യയിൽ ഇത്തരമൊരു കാലം വരില്ലെന്ന് പ്രതീക്ഷിക്കുന്നു' -അദ്ദേഹം പറഞ്ഞു.
തന്റെ പാർട്ടി എല്ലാ പ്രാദേശിക പാർട്ടികളെയും ഉന്മൂലനം ചെയ്യുമെന്നും മഹാരാഷ്ട്രയിൽ ശിവസേന അവസാനിക്കാൻ പോവുകയാണെന്നുമുള്ള ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദയുടെ പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്ന താക്കറെ ബി.ജെ.പിയെ വെല്ലുവിളിച്ചു.
'ബിജെപിയുടെ ഗൂഢാലോചന ഹിന്ദുക്കളെ ഭിന്നിപ്പിക്കുക, പ്രാദേശിക സ്വത്വത്തെയും അഭിമാനത്തെയും തകർക്കുക, ഭാഷാ തടസ്സങ്ങൾ കെട്ടിപ്പൊക്കുക തുടങ്ങിയവയാണ്. മറാത്തികൾക്കും മറാത്തികളല്ലാത്തവർക്കും മേൽ ഗൂഢമായ രാഷ്ട്രീയം പ്രയോഗിക്കുന്നതും കൂടിയാണ്.
പ്രതിപക്ഷത്തെ തകർക്കാൻ ബി.ജെ.പി ഇതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. സേനയെ അവസാനിപ്പിക്കാൻ ശ്രമിക്കാൻ നദ്ദയെ വെല്ലുവിളിക്കുകയും ചെയ്തു. 'എൻ.സി.പിയെ കുടുംബത്തിന്റെ പാർട്ടിയെന്നും കോൺഗ്രസിനെ സഹോദരി-സഹോദരന്റെ പാർട്ടിയെന്നും നദ്ദ വിളിക്കുന്നു, രാജവംശ രാഷ്ട്രീയത്തിനെതിരെ പോരാടാൻ ബി.ജെ.പി ആഗ്രഹിക്കുന്നുവെന്നും പറയുന്നു.
എന്നാൽ ബി.ജെ.പി എവിടെ നിന്നാണ് തുടങ്ങിയത് എന്നതും പ്രധാനമാണ്. കോൺഗ്രസ്, എൻ.സി.പി, മറ്റ് പാർട്ടികളിൽ നിന്നുള്ള നേതാക്കൾ ബി.ജെ.പിയിൽ ചേരുകയാണെന്ന് നദ്ദ തന്നെ പറഞ്ഞു. മറ്റ് പാർട്ടികളിൽ നിന്നുള്ള നേതാക്കൾ ബി.ജെ.പിയിലുണ്ടെങ്കിൽ അതിന്റെ ഉൽപത്തി എന്താണെന്നും താക്കറെ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.